നമ്പി നാരായണനെ കുടുക്കിയവരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ തയ്യാറെന്ന് സിബിഐ

Thursday 10 May 2018 3:17 am IST

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയവരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്താമെന്ന് സിബിഐ വ്യക്തമാക്കുന്നത്. 

ചാരക്കേസ് ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തേണ്ടതാണെന്ന് ആദ്യം പറഞ്ഞ സുപ്രീംകോടതി ഉച്ചയ്ക്ക് ശേഷം വാദം തുടര്‍ന്നപ്പോള്‍ നിലപാട് മാറ്റി. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോയെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നമ്പി നാരായണന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വീടു വിറ്റിട്ടായാലും നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും ആദ്യം അഭിപ്രായപ്പെട്ട കോടതി പിന്നീട് തീരുമാനം മയപ്പെടുത്തി. നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഇത് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാവില്ലെന്നും കോടതി പറഞ്ഞു. 

മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ ആവശ്യത്തോട് യോജിച്ച സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ചാരക്കേസില്‍ തന്നെ കുടുക്കിയത് അമേരിക്കന്‍ പൗരത്വം വേണ്ടെന്നുവച്ചതിനാലാണെന്ന് നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആരോപിച്ചിരുന്നു. 

എന്നാല്‍ നമ്പി നാരായണന്‍ രാജ്യം വിടാതിരിക്കുന്നതിനാണ് അറസ്റ്റ് ചെയ്യേണ്ടിവന്നതെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂവെന്നുമാണ് സിബി മാത്യൂസിന്റെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുടേയും വാദം. കേസിലെ വാദം ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.