കൊലപാതകങ്ങൾ, അക്രമങ്ങൾ; ഗവർണർ റിപ്പോർട്ട് തേടി

Thursday 10 May 2018 3:55 am IST
തിങ്കളാഴ്ച രാത്രിയിലാണ് പുതുച്ചേരിയുടെ ഭാഗമായ മാഹിക്കടുത്ത് പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കണ്ണിപ്പൊയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഈ കൊല നടന്ന് അല്പ്പ സമയത്തിനുള്ളിലാണ് മാഹിക്കടുത്ത് ന്യൂമാഹിയില്‍ കേരളത്തിന്റെ ഭാഗമായ പെരിങ്ങാടി ഈച്ചിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ സിപിഎം സംഘം വെട്ടിക്കൊന്നത്.
"ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍ ഗൗതവും മാഹി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു"

തിരുവനന്തപുരം/ കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച്  റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. കണ്ണൂരിലും മാഹിയിലുമായി  രണ്ടുപേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന്  അക്രമങ്ങള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ്  ഗവര്‍ണര്‍  വിശദീകരണം തേടിയത്.

തിങ്കളാഴ്ച രാത്രിയിലാണ് പുതുച്ചേരിയുടെ ഭാഗമായ മാഹിക്കടുത്ത് പള്ളൂരില്‍  സിപിഎം പ്രവര്‍ത്തകന്‍ ബാബു കണ്ണിപ്പൊയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഈ കൊല നടന്ന് അല്പ്പ സമയത്തിനുള്ളിലാണ്  മാഹിക്കടുത്ത് ന്യൂമാഹിയില്‍ കേരളത്തിന്റെ ഭാഗമായ പെരിങ്ങാടി ഈച്ചിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ സിപിഎം സംഘം വെട്ടിക്കൊന്നത്.

ബാബുവിന്റെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ ബിജെപി ഒാഫീസും വാഹനങ്ങളും കത്തിക്കുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നിരന്തരം അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നതില്‍  ഗവര്‍ണ്ണര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതിനിടെ  കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍   കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍ ഗൗതവും മാഹി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.  സംയുക്ത അന്വേഷണത്തിനുള്ള സാധ്യത  ചര്‍ച്ച ചെയ്‌തെങ്കിലും നിയമപരമായ തടസ്സങ്ങളുള്ളതിനാല്‍  പരസ്പര  സഹകരണത്തോടെയുള്ള അന്വേഷണമാണ് നടത്തുക. 

കൊലപാതകങ്ങള്‍ നടന്നത് രണ്ടു സംസ്ഥാനങ്ങളിലാണ്. ഇത്  അന്വേഷണത്തെ ബാധിച്ചിരുന്നു. ബാബുവിന്റെ മരണം പുതുച്ചേരി പോലീസും ഷമേജിന്റെ മരണം കേരള പോലീസുമാണ് അന്വേഷിക്കുന്നത്.  ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്ന് അന്വേഷണസംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്പി ദേവ ശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സിഐ കെ.. ഇ. പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. 

 രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന നിലയിലല്ല കേസ് അന്വേഷിക്കുന്നതെന്ന്  ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഷമേജിന്റെ കൊലപാതകികളെ ഉടന്‍ പിടികൂടുമെന്നും ബഹ്‌റ  പറഞ്ഞു.  മാഹിയിലെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന്  ഗൗതം പറഞ്ഞു. സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.  ഇരു സംസ്ഥാനങ്ങളിലെ ഡിജിപിമാരും അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉത്തരമേഖല ഡിഐജി അനില്‍ കാന്ത്, കണ്ണൂര്‍ എസ്പി ശിവ വിക്രം, തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.