കസ്റ്റഡി കൊലപാതകം; എം.വി ജോർജിനെ രക്ഷിക്കൽ സിപിഎം ഇടപെടൽ

Thursday 10 May 2018 4:05 am IST

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെതിരായ നടപടി വകുപ്പ് തല അന്വേഷണത്തില്‍ മാത്രം ഒതുക്കാന്‍ നീക്കം.  ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്നാണ്  സിപിഎം സംസ്ഥാന നേതൃത്വം ആഭ്യന്തരവകുപ്പിന്  നല്‍കിയിട്ടുള്ള നിര്‍ദ്ദശമെന്നാണ് ലഭിക്കുന്ന വിവരം.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ  നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ എസ്പി ആര്‍ടിഎഫിനെ നിയോഗിച്ചത്.എസ്പിക്കെതിരെ കേസെടുത്താല്‍ അന്വേഷണം സിപിഎം ജില്ലാ നേതൃത്വത്തിലേക്ക് നീങ്ങും. അതുകൊണ്ടുതന്നെ ജോര്‍ജിനെതിരെയുള്ള നടപടി പോലീസ് അക്കാദമിയിലേക്കുള്ള സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കാനാണ് അണിയറനീക്കം. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ജോര്‍ജിന് നേരിട്ട് പങ്കില്ലെന്ന നിലപാടാണ് പ്രത്യക അന്വേഷണ സംഘത്തിന്. 

എന്നാല്‍, എ.വി ജോര്‍ജ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴികള്‍ പുറത്തുവന്നു. വരാപ്പുഴ സ്റ്റേഷനിലെ മൂന്ന് പോലീസുകാരാണ് കേസില്‍ ജോര്‍ജിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി അന്വേഷണ സംഘത്തിന് നല്‍കിയത്. വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എസ്പി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന നിര്‍ണായക മൊഴിയാണ് കീഴുദ്യോഗസ്ഥര്‍ നല്‍കിയത്. കസ്റ്റഡി മരണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ എസ്പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. എസ്പി രൂപീകരിച്ച ആര്‍ടിഎഫ് അംഗങ്ങളെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ വഴിവിട്ട സഹായം ചെയ്തതായും കണ്ടെത്തി. 

ഇത്തരത്തിലുള്ള മൂന്ന് മൊഴികളാണ് പോലീസുകാരില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ എസ്പി കുറ്റക്കാരനാണെന്ന തെളിവാണ് പുറത്ത് വരുന്നത്. നേരത്തെ പ്രതി ചേര്‍ത്ത സിഐ ക്രിസ്പിന്‍ സാമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. ഇതിന് കാരണം സിഐ നടപടിക്രമത്തില്‍ വീഴ്ച വരുത്തിയെന്നത് മാത്രമേ ആരോപണമായി എത്തിയിരുന്നുള്ളൂ.

അതേസമയം എ.വി. ജോര്‍ജ്ജിനെ അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. ജോര്‍ജ്ജിന്റെ അറിവോടെയാണ് ശ്രീജിത്തിനെതിരായ മൊഴികള്‍ തയ്യാറാക്കിയതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍. കൊല്ലപ്പെട്ട ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വാസുദേവന്റെ മകന്‍ വിനീഷിന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെയും മൊഴി വ്യാജമായി തയ്യാറാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.