റിമാൻഡ് പ്രതി മരിച്ചു; മർദ്ദനമെന്ന് ആരോപണം

Thursday 10 May 2018 4:06 am IST

കൊട്ടാരക്കര: ഡ്രൈ ഡേയില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി റിമാന്‍ഡ്  ചെയ്ത  പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. വല്ലം മനുഭവനില്‍ മനു (30) ആണ് മരിച്ചത്. മരണവിവരം ഇന്നലെ പുലര്‍ച്ചെയാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഒന്നാം തീയതി രാവിലെ ഏഴിനാണ് അനധികൃത മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. 

കോടതിയില്‍ ഹാജരാക്കിയ മനുവിനെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു. അവിടെ നിന്നും രണ്ട്  ദിവസങ്ങള്‍ക്ക് ശേഷമാണ് പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. അവിടെ വച്ച് അവശനായ മനുവിനെ ജയില്‍ അധികൃതരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 

രണ്ട് ദിവസം ചികിത്സ തുടര്‍ന്നെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. വീട്ടില്‍ നിന്നും മനുവിനെ പിടികൂടിയ എക്‌സൈസ് സംഘം ഇയാളെ ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. മജിസ്‌ട്രേറ്റിന്റെയും  തഹസില്‍ദാറിന്റെയും സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ടിപ്പര്‍ലോറി ഡ്രൈവറായ മനുവിന്റെ മാതാപിതാക്കള്‍ ഉഷാ കുമാരിയും മനോഹരനുമാണ്. ഭാര്യ രഞ്ജു. മകന്‍ മേഘനാഥന്‍ (3).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.