ബൗളര്‍മാര്‍ വിജയമൊരുക്കി: രഹാനെ

Thursday 10 May 2018 4:33 am IST

ജയ്പ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് വിഭാഗത്തിന് നായകന്‍ അജിങ്ക്യേ രഹാനയുടെ പ്രശംസ. ഐപിഎല്ലിലെ നിര്‍ണായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടീമിന് വിജയമൊരുക്കിയത് ബൗളര്‍മാരാണെന്ന് രഹാനെ പറഞ്ഞു.

ട്വന്റി 20 യില്‍ ഒരു ടീമിനെ സംബന്ധിച്ചിടത്തോളം 157 റണ്‍സ് പ്രതിരോധിക്കുക വിഷമകരമാണ്. പക്ഷെ ഞങ്ങളുടെ ബൗളര്‍മാര്‍ കഠിനാധ്വാനത്തിലൂടെ പഞ്ചാബിനെ പിടിച്ചുനിര്‍ത്തി. ഇഷ് സോധിയും ഗൗതവുമൊക്കെ ഭംഗിയായി പന്തെറിഞ്ഞു ടീമിന് വിജയം സമ്മാനിച്ചെന്ന് രഹാനെ പറഞ്ഞു.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പഞ്ചാബിനെതിരെ വിജയം അനിവാര്യമായിരുന്ന രഹാനയുടെ ടീം പതിനഞ്ചു റണ്‍സിനാണ് ജയിച്ചുകയറിയത്. 158 റണ്‍സിന്റെ വിജയലക്ഷ്യം പേറി കളിക്കളത്തിലിറങ്ങിയ പഞ്ചാബിനെ രാജസ്ഥാന്‍ ഏഴിന് 143 റണ്‍സെന്ന നിലയില്‍ തളച്ചിട്ടു.

ടീമിന്റെ പ്രകടനത്തില്‍ സന്തോഷവാനാണ്. ജയ്പ്പൂരിലെ വിക്കറ്റില്‍ 160 റണ്‍സ് നേടിയാല്‍ പ്രതീക്ഷ നിലനിര്‍ത്താമെന്ന് വിചാരിച്ചു. ജോസ് ബട്ട്‌ലറിന്റെ ബാറ്റിങ്ങ് സ്‌കോര്‍ 157 റണ്‍സിലെത്തിക്കാന്‍ സഹായകമായെന്ന് രഹാനെ പറഞ്ഞു.

58 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്ത് ജോസ് ബട്ട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം നല്‍കി. സഞ്ജു സാംസണും ഭേദപ്പെട്ട പ്രകടനം (22 റണ്‍സ്) കാഴ്ചവെച്ചതോടെ സ്‌കോര്‍ 157 റണ്‍സായി.

അനായാസ വിജയം ലക്ഷ്യമിട്ടിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ വിജയത്തിന് പതിനാറ് റണ്‍സ് അകലെവച്ച് പിടിച്ചു നിര്‍ത്തി. ഗൗതം മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സോധി, ആര്‍ച്ചര്‍, ഉനദ്ഘട്, ബെന്‍സ്‌റ്റോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.