ഫ്രഞ്ച് ഓപ്പണ്‍ സെറീന വില്ല്യംസ് പിന്മാറിയേക്കും

Thursday 10 May 2018 4:45 am IST

റോം: ഈ മാസാവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ സെറീന വില്ല്യംസ് കളിക്കുന്ന കാര്യം സംശയത്തില്‍. അടുത്തയാഴ്ചത്തെ ഇറ്റാലിയന്‍ ഓപ്പണില്‍ നിന്ന് സെറീന പിന്മാറി. പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിനാലാണ് സെറീന പിന്മാറിയത്. ഫ്രഞ്ച് ഓപ്പണിന് മുമ്പ് സെറീന ഫോമിലേക്ക് തിരിച്ചെത്താനുളള സാധ്യത കുറവാണ്.

മുന്‍ ലോക ഒന്നാം നമ്പറായ സെറീന കഴിഞ്ഞ നാലുതവണയും ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു. റോമില്‍ നാലു തവണ ചാമ്പ്യനായ സെറീന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതില്‍ ദുഃഖമുണ്ടെന്ന് ഇറ്റാലിയന്‍ ഓപ്പണ്‍ സംഘാടകര്‍ അറിയിച്ചു. ഈ മാസം 14 മുതല്‍ 20 വരെയാണ് ഇറ്റാലിയന്‍ ഓപ്പണ്‍. ഫ്രഞ്ച് ഓപ്പണ്‍ 27 ന് ആരംഭിക്കും.

കഴിഞ്ഞ സെപ്തംബറില്‍ കുഞ്ഞു പിറന്നതിനുശേഷം മാര്‍ച്ചിലാണ് സെറീന കളിക്കളത്തിലേക്ക് തിരിച്ചുവന്നത്. മാര്‍ച്ചില്‍ മിയാമി ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ജപ്പാന്റെ നവോമി ഒസാക്കയോട് തോറ്റശേഷം സെറീന കളിക്കളത്തിലിറങ്ങിയിട്ടില്ല. മുപ്പത്തിയാറുകാരിയായ സെറീന 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.