കേരളത്തെ മറക്കേണ്ട, പക്ഷേ ഇനിയും വരാതിരിക്കുക

Thursday 10 May 2018 11:41 am IST

കേരളത്തെ മറക്കില്ല,ഇനിയും വരും.ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിനിയന്‍ യുവതി ലീഗയുടെ സഹോദരി ഇലീസ് കേരളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പറയുന്ന വാക്കുകളാണിത്. കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ വേദനയും അമര്‍ഷവും ഉള്ളില്‍ ഒതുക്കുമ്പോഴും വീണ്ടും കേരളത്തിലേക്കു വരുമെന്നു പറയുന്നത് അവരുടെ ഉന്നതമായ സംസ്‌ക്കാരംകൊണ്ടാവണം. പക്ഷേ നമുക്കവരോട് അനുതാപത്തോടെ പറയാവുന്നത് ഇത്രമാത്രം, ദയവു ചെയ്തു കേരളത്തിലേക്കിനി വരാതിരിക്കുക. അല്ലെങ്കില്‍ വരാനുള്ള അന്തരീക്ഷം ഇവിടെ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ പറയാം.അന്നു കൈനീട്ടി സ്വാഗതം ചെയ്യാം.

ലീഗയുടെ മരണം ഉയര്‍ത്തിയ ഞെട്ടലില്‍നിന്നും ഇനിയം കേരളം ഉണര്‍ന്നിട്ടില്ല. അതിക്രൂരമായി പീഡിപ്പിച്ചശേഷം ലീഗയെ കൊല്ലുകയായിരുന്നു. ഭാര്യയെ കാണാതായെന്ന് ലീഗയുടെ ഭര്‍ത്താവ് പരാതി പറയാത്ത സ്ഥലങ്ങളില്ല.ഒടുവില്‍ മുഖ്യമന്ത്രിയെ കാണാനും എത്തി. അനുവദിച്ചില്ല.അങ്ങനെ എല്ലാവാതിലും അടയുകമാത്രമല്ല പരിഹാസവും മര്‍ദനവുംകൂടി ഏല്‍ക്കേണ്ടിവന്നു ആ പാവത്തിന്.

ലീഗയെ കാണാനില്ലെന്നു കേട്ടപ്പോള്‍ തന്നെ കേരളത്തിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യം അനുസരിച്ച് ഇങ്ങനെ സംഭവിക്കാമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. അതുതന്നെ നിര്‍ഭാഗ്യവശാല്‍ സംഭവിച്ചു. കേരളം ലോകത്തിനുമുന്നില്‍ തലകുനിച്ചുപോയ നിമിഷം!ലീഗയെ കാണാതായി ഒരുമാസം ആകാറായപ്പോഴാണ് കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ അവരുടെ മൃതദേഹം കണ്ടെത്തിയത്. തക്കസമയം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ ഗതി വരാതെ രക്ഷിക്കാമായിരുന്നു. ഈ ദാരുണ സംഭവത്തില്‍ മനുഷ്യപ്പറ്റില്ലാത്ത സര്‍ക്കാരും ആലസ്യം ആസ്തിയായ പോലീസും പ്രതിക്കൂട്ടില്‍ തന്നെയാണ്.

സഹോദരിയെ തേടിയുളള യാത്രയില്‍ ഒപ്പം നിന്നവരെയും സര്‍ക്കാരിനേയും തിരച്ചിലില്‍ സഹായിച്ചവരേയും നന്ദിയറിയിച്ചുമാണ് വീണ്ടും കേരളത്തിലേക്കു വരുമെന്ന്  ഇലിസ് പറഞ്ഞത്. സഹോദരി കൊല്ലപ്പെട്ടതിന്റെ ആഘാതം കുറക്കാന്‍ സഹായിച്ചത് കേരളത്തിന്റെ സ്‌നേഹമാണെന്നും ഇലീസ് ഓര്‍ത്തു. ലാത്വിനിയയില്‍ ജനിച്ചുവളര്‍ന്ന് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ആയുര്‍വേദ ചികിത്സയ്ക്കുമായി ഇവിടെ വന്ന ഒരു സ്ത്രീ കേവലം തെരുവു ക്രിമിനലുകളുടെ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട് ചാരമായി തിരിച്ചുപോകുകയെന്നത് നമ്മെ ഭയപ്പെടുത്തുന്നില്ലേ. വേദനിപ്പിക്കുന്നില്ലേ.കരയിപ്പിക്കുന്നില്ലേ.

കേരളം എന്നേ ക്രിമിനല്‍ സംസ്ഥാനമായി മാറിക്കഴിഞ്ഞു. മനുഷ്യനെ പാര്‍ട്ടിയായും അവന്റെ രക്തത്തിനു പാര്‍ട്ടിനിറവും ക്രിമിനലുകള്‍ക്കു ഓശാനപാടുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. കേരളത്തില്‍  എപ്പോഴും ആര്‍ക്കും എന്തും സംഭവിക്കാംഎന്ന സ്ഥിതിയാണ്. ദൈവത്തിന്റെ സ്വന്തംനാടെന്ന വ്യാജപ്പേരില്‍ അറിയപ്പെടുന്ന കേരളം കൂടുതല്‍ ചെകുത്താന്‍ നാടായിക്കൊണ്ടിരിക്കുന്നു. ഇതില്‍നിന്നും രക്ഷപെടാനുള്ള വഴിയെന്താണെന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.