ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍

Thursday 10 May 2018 11:52 am IST
മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്ക്കാന്‍ കൂട്ടുനിന്നു എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. വരാപ്പുഴ എസ്ഐ ജി.എസ.് ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, മൂന്ന് മുന്‍ ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്സ്) ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ സിഐ ഒഴികെയുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പോലീസുകാരെക്കൂടി പ്രതി ചേര്‍ത്തു. ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍,  സിപിഒമാരായ സന്തോഷ് ബേബി, ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്  ഇവര്‍. പ്രതിപ്പട്ടികയില്‍ നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാരുടെ എണ്ണം ഒന്‍പതായി.

മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്ക്കാന്‍ കൂട്ടുനിന്നു എന്നതാണ്  ചുമത്തിയിരിക്കുന്ന കുറ്റം. വരാപ്പുഴ എസ്ഐ ജി.എസ.് ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, മൂന്ന് മുന്‍ ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്സ്) ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ സിഐ ഒഴികെയുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്. 

കേസില്‍ നാട്ടുകാരായ സാക്ഷികളുടെ രഹസ്യ മൊഴിയെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വരാപ്പുഴ വീടാക്രമണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പ് ഇന്നലെ നടത്തി. പ്രദേശത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. ശ്രീജിത്ത്, അജിത്, വിപിന്‍ എന്നിവരെ ദേവസ്വംപാടത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്.

ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണം: ശ്രീജിത്തിന്റെ ഭാര്യ

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ എസ്പി എ.വി. ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണം നടത്തിയാല്‍ പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില.  കുറ്റക്കാര്‍ രക്ഷപ്പെടാതിരിക്കാന്‍ കേസ് സിബിഐ ക്ക് വിടണമെന്നും അഖില ആവശ്യപ്പെട്ടു. 

സംഭവത്തില്‍ എ.വി. ജോര്‍ജിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ചത് എസ്പിയാണെന്ന് അറസ്റ്റിലായ ആര്‍ടിഎഫുകാര്‍ പറഞ്ഞിട്ടുണ്ട്. ശ്രീജിത്തിനെ മാത്രം ഇത്ര ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണമെന്താണെന്നും എസ്പി ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തതെന്നും തെളിയണം. എസ്പി മാത്രമല്ല പ്രാദേശികമായി പലരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയും പിടികൂടണം.

കുറ്റക്കാര്‍ ഉന്നത സ്വാധീനമുപയോഗിച്ച് രക്ഷപ്പെടരുത്. കേസില്‍ ഇനിയും പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാനുണ്ട്. കൂടുതല്‍ പേരെ പിടികൂടാനുമുണ്ട്. അതിനുവേണ്ടിയാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അഖില പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.