ഗായത്രീ രൂപമായ ബ്രഹ്മത്തിന്റെ മഹത്വം

Friday 11 May 2018 2:00 am IST
സോമയാഗത്തില്‍ സോമത്തെ കൊണ്ടുവരാന്‍ ദേവന്മാര്‍ക്ക് ഗായത്രി കൊണ്ടാണ് സാധിച്ചത്. ജഗതി, ത്രിഷ്ടുപ് എന്നിവയ്ക്ക് സോമന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. അവ പാതി വഴിക്ക് മടങ്ങി. അതിനാല്‍ ഇപ്പോഴും സോമത്തെ കൊണ്ടുവരാന്‍ ഗായത്രി ഛന്ദസ്സിലുള്ള ഋക്കുകളാണ് പ്രയോഗിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്  20

ബ്രഹ്മവിദ്യയുടെ മഹത്വവും ഫലവും വളരെയേറെ ആയതിനാല്‍ മറ്റൊരു തരത്തില്‍ പറയാന്‍ വേണ്ടി ഗായത്രിയുടെ രൂപത്തിലുള്ള ബ്രഹ്മോപാസനയെ പറ്റി വിവരിക്കുന്നു. 

സ്ഥാവരവും ജംഗമവുമായി ഈ കാണുന്ന ജഗത്തു മുഴുവന്‍ ഗായത്രിയാകുന്നു. ഗായത്രി എന്നത് വാക്കാണ്. ഈ വാക്ക് തന്നെയാണ് എല്ലാ ഭൂതങ്ങളേയും ഗാനം ചെയ്യുന്നതും ത്രാണനം ചെയ്യുന്നതും.

ബ്രഹ്മം എന്നത് അറിയാന്‍ വളരെ വിഷമമേറിയതായതിനാല്‍ പലവിധത്തില്‍ വിവരിക്കേണ്ടി വരും. ഗായത്രി 24 അക്ഷരങ്ങള്‍ അടങ്ങിയ ഒരു വൈദിക ഛന്ദസ്സാണ്.  അതിന് യജ്ഞത്തില്‍ വളരെ പ്രാധാന്യമുണ്ട്.

 സോമയാഗത്തില്‍ സോമത്തെ കൊണ്ടുവരാന്‍ ദേവന്മാര്‍ക്ക് ഗായത്രി കൊണ്ടാണ് സാധിച്ചത്. ജഗതി, ത്രിഷ്ടുപ് എന്നിവയ്ക്ക്  സോമന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. അവ പാതി വഴിക്ക് മടങ്ങി. അതിനാല്‍ ഇപ്പോഴും സോമത്തെ കൊണ്ടുവരാന്‍ ഗായത്രി ഛന്ദസ്സിലുള്ള ഋക്കുകളാണ് പ്രയോഗിക്കുന്നത്. ഉഷ്ണിക്, അനുഷ്ടുപ്, ബൃഹതി തുടങ്ങി കൂടുതല്‍ അക്ഷരങ്ങളുള്ള ഛന്ദസ്സുകളിലും ഗായത്രിയുടെ അക്ഷര സംഖ്യ അടങ്ങിയിരിക്കുന്നതിനാല്‍ ഗായത്രി അവയിലും വ്യാപിച്ചിരിക്കുന്നു. ഛന്ദസ്സുകളില്‍ ഞാന്‍ ഗായത്രിയാണെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നു. ഗായത്രിയുടെ പ്രാധാന്യം വ്യക്തമാക്കി ആ രൂപത്തില്‍ ബ്രഹ്മത്തെ ഉപാസിക്കാന്‍ പറയുന്നു.

ഈ ലോകത്തിലെ എല്ലാം ഗായത്രിയാണ് എന്ന് പറയുമ്പോള്‍ അത് ഛന്ദസ്സ് ആകാന്‍ തരമില്ല. ഛന്ദസ്സിന് കാരണഭൂതമായ വാക്കാണ് ഗായത്രി എന്ന് ലക്ഷ്യമാക്കുന്നത്. വാക്ക് കൊണ്ട് എല്ലാ ഭൂതങ്ങളേയും പറയുകയും ഭയത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ഗാനം ചെയ്യുകയും ത്രാണനം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഗായത്രി. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നത് ഗായത്രി എന്ന് പറയാറുണ്ട്.

(ഈ ഗായത്രി എന്ന് പറയുന്നത് ഈ പൃഥ്വി തന്നെയാണ്. എന്തെന്നാല്‍ ഈ പൃഥ്വിയിലാണല്ലോ എല്ലാ ഭൂതങ്ങളും പ്രതിഷ്ഠിതമായിരിക്കുന്നത്. ഇതിനെ അതിശയിക്കുന്ന മറ്റൊന്നുമില്ല. ഗായത്രിയെ പോലെ പൃഥ്വിവിയും ഭൂത ജാലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ടും ഒന്ന്.

 ഗായത്രി ഭൂതങ്ങളെ ത്രാണനം ചെയ്യുന്നു. ചരാചരങ്ങളായ അവ ഭൂമിയിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. പൃഥ്വി എന്ന് പറയുന്നത് പുരുഷന്‍ ജീവിച്ചിരിക്കുമ്പോഴുള്ള ഈ ശരീരം തന്നെയാണ്. എന്തെന്നാല്‍ ഇവയില്‍ ഈ പ്രാണങ്ങള്‍ പ്രതിഷ്ഠിതങ്ങളാണ്. അവ ഇതിനെ അതിശയിക്കുന്നില്ല. പൃഥ്വിയായ ഗായത്രി ഈ ശരീരമാണ് . ശരീരത്തില്‍ ഭൂമിയുടെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ശരീരം പൃഥ്വിയാണ്. ഈ ശരീരത്തിലാണ് പ്രാണങ്ങള്‍ കുടികൊള്ളുന്നത് എന്നതിനാല്‍ ഇത് ഗായത്രിയാണ്. പ്രാണങ്ങള്‍ ശരീരത്തെ അതിക്രമിക്കുന്നില്ല.

 പുരുഷന്റെ ശരീരം ഉള്ളിലെ ഹൃദയമാണ്. എന്തെന്നാല്‍ ഇതില്‍ ഈ പ്രാണങ്ങള്‍ പ്രതിഷ്ഠിതമാണ്. ഒന്നും ഇതിനെ അതിശയിക്കുന്നില്ല. ശരീരം പോലെ ഹൃദയവും ഗായത്രിയാണെന്ന് കല്‍പ്പിക്കുന്നു. ഭൂതസംബന്ധമായ  പ്രാണങ്ങള്‍ ഇരിക്കുന്നതിനാലാണ് ഹൃദയത്തെ ഗായത്രി എന്ന് വിശേഷിപ്പിച്ചത്.

 ഈ ഗായത്രി നാല് പാദങ്ങളോട് കൂടിയതും ആറ് വിധത്തിലുള്ളതുമാണ്. അത് ഋക്കിനാല്‍ പ്രകാശിക്കപ്പെട്ടിരിക്കുന്നു. ഭൂതങ്ങള്‍, പൃഥ്വി, ശരീരം ഹൃദയം എന്നിവയാണ് ഗായത്രിയുടെ നാല് പാദങ്ങള്‍. വാക്ക്, ഭൂതം, പൃഥ്വി, ശരീരം, ഹൃദയം, പ്രാണന്‍ എന്നിങ്ങനെ ആറ് വിധത്തിലാണ് ഗായത്രി. ഉപാസനാ സൗകര്യത്തിനാണ് ഈ വിവരണം.

നാല് പാദങ്ങളെന്നും ആറ് വിധത്തിലെന്നും പറഞ്ഞത് ഗായത്രീ രൂപമായ ബ്രഹ്മത്തിന്റെ മഹത്ത്വമാണ്. പുരുഷന്‍ വാസ്തവത്തില്‍ ഇതിനേക്കാള്‍ എത്രയോ മഹത്തരനാണ്. ആ പുരുഷന്റെ നാലിലൊന്നു ഭാഗം മാത്രമാണ് ഇക്കാണുന്ന  എല്ലാ ജീവജാലങ്ങളും. മൂന്ന് ഭാഗങ്ങള്‍ അമൃത സ്വരൂപമായി പ്രകാശമാനമായി നിലകൊള്ളുന്നു. പാദകല്‍പ്പന അതിന്റെ ഗാംഭീര്യത്തേയും വലുപ്പത്തേയും അറിയാന്‍ വേണ്ടിയാണ്. അനന്തവും അപാരവും ആയ ബ്രഹ്മത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ പ്രപഞ്ചമാകുന്നുള്ളൂ. ബ്രഹ്മമെന്ന് പറഞ്ഞത് ശരീരത്തിന്നു പുറത്തെ ആകാശമാണ്. അത് പുരുഷന്റെ ഉള്ളിലെ ആകാശമാണ്. അത് ഹൃദയാകാശമാണ്. ഇങ്ങനെയുള്ള ഈ ബ്രഹ്മം പൂര്‍ണ്ണവും മാറ്റങ്ങളില്ലാത്തതും നാശമില്ലാത്തതുമാണ്. 

ബ്രഹ്മത്തെ ഇപ്രകാരം ഉപാസിക്കുന്നയാള്‍ പൂര്‍ണ്ണവും അനശ്വരവുമായ ഐശ്വര്യത്തെ നേടും. ഗായത്രീ രൂപത്തില്‍ പറഞ്ഞ ബ്രഹ്മത്തെ ഹൃദയാകാശത്തില്‍ ധ്യാനിക്കാന്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. ആകാശം ഒന്നേയുള്ളൂവെങ്കിലും നമ്മുടെ അനുഭവമനുസരിച്ച്  മൂന്നായി തിരിച്ചിരിക്കുന്നു. ജാഗ്രത്തില്‍ പുറത്ത്, സ്വപ്‌നത്തില്‍ ഉള്ളില്‍ സുഷുപ്തിയില്‍ ഹൃദയാകാശത്ത്. ഇവിടെ മനസ്സിനെ ഏകാഗ്രമാക്കണം. ബ്രഹ്മം എല്ലായിടത്തുമുണ്ടെന്ന് കാണിക്കാനാണ് പൂര്‍ണ്ണമെന്ന് പറഞ്ഞത്. മുഖ്യഫലം ബ്രഹ്മപ്രാപ്തിയാണ്. ഐശ്വര്യ ലാഭം അത്ര പ്രധാന ഫലമല്ല.

 9495746977

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.