വേദാന്തകൃത, വേദവിത് ച അഹം ഏവ

Friday 11 May 2018 2:01 am IST

വേദങ്ങള്‍ പരമപുരുഷനായ ഭഗവാന്റെ നാസാദ്വാരങ്ങളിലൂടെ നിശ്വാസ രൂപത്തില്‍ ആവിര്‍ഭവിച്ചവയാണ്; ശബ്ദമയങ്ങളാണ്. ബൃഹദാരണ്യകോപനിഷത്തില്‍നിന്ന് നമുക്കത് മനസ്സിലാക്കാം. 

''അസ്യ മഹതോ ഭൂതസ്യ നിശാസിതം 

ഏതഭൃഗ്‌വേദോ യജുര്‍വേദഃ സാമവേദോള

ഥര്‍വ്വാംഗിരസഃ ഇതിഹാസഃ പുരാണം....''

ആ വേദങ്ങള്‍ക്ക് നാനാവിധങ്ങളും പരസ്പരം വിരുദ്ധങ്ങളുമായ താല്‍പ്പര്യങ്ങളാണ് ആചാര്യന്മാര്‍ നിര്‍ണയിച്ചിട്ടുള്ളത്. അവ വായിച്ചാല്‍-നിരൂപണം ചെയ്താല്‍ നമുക്ക് ധാരാളം സംശയങ്ങള്‍ തോന്നാം. അപ്പോള്‍ ആ വേദങ്ങള്‍ക്ക്, പരസ്പര വിരോധം തോന്നിക്കാത്തതും യഥാരൂപവുമായ അന്തം (നിശ്ചയം) എങ്ങനെ നിര്‍ണയിക്കാന്‍ കഴിയും? ആര്‍ക്ക് കഴിയും?

കാക്ക എപ്പോഴും കാ കാ എന്ന് കൂകിക്കൊണ്ടിരിക്കും. കാക്ക കരയുന്നു എന്നാണ് നമ്മള്‍ പറയുക. പക്ഷേ, അത് സന്തോഷിക്കുകയല്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? കാക്കയ്ക്കു മാത്രമേ പറയാന്‍ കഴിയൂ! അതുപോലെ വേദങ്ങളുടെ ശരിയായ അര്‍ത്ഥം ഭഗവാനു മാത്രമേ അറിയാന്‍ കഴിയൂ!

-അഹം ഏവ വേദാന്ത കൃത്-

'വേദാന്തം' എന്നു പറയുമ്പോള്‍ ''ബ്രഹ്മസൂത്രം  എന്ന ഗ്രന്ഥത്തെയാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. ബ്രഹ്മസൂത്രത്തിന്റെ കര്‍ത്താവ് ഭഗവാന്റെ അവതാരമായ ശ്രീവേദവ്യാസ മഹര്‍ഷിയാണ്. അതായത് ശ്രീകൃഷ്ണനാണ്- വേദാന്ത സമ്പ്രദായ പ്രവര്‍ത്തകന്മാരുടെ ആദി ഗുരു എന്ന് നമുക്ക് അനുസ്മരിക്കാം. 

''നമോ വേദാന്ത വേദ്യായ

ഗുരവേ ബുദ്ധി സാക്ഷിണേ.''

എന്ന വേദവാക്യം ചൊല്ലി നമസ്‌കരിക്കുകയും ചെയ്യാം.

വേദവിത് ച അഹം ഏവ (15-15)

വേദം-എന്നു പറയുമ്പോല്‍-ഗുരുമുഖത്തില്‍ നിന്ന് ശ്രവിച്ച്, സ്വരങ്ങളും ശബ്ദങ്ങളും ലേശംപോലും പിഴക്കാതെ അധ്യയനം ചെയ്തുകൊണ്ടുവന്നിരുന്നതോ, താളിയോല ഗ്രന്ഥങ്ങളില്‍ കാണുന്നതോ, അച്ചടിച്ച പുസ്തകങ്ങളില്‍ വായിക്കുന്നതോ മാത്രമാണെന്ന് തീരുമാനിക്കരുത്. ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ച വേദം, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള ആവിര്‍ഭാവമാണ്. ''വേദോ നാരായണഃ സാക്ഷാല്‍'' -(ഭാഗ-6-1-40)

''ശബ്ദ ബ്രഹ്മപരം ബ്രഹ്മ-

മമോദേ ശാശതീ തനൂ'' (ഭാഗ-6-16-51)

എന്നീ ഭാഗവത വാക്യങ്ങള്‍ കാണുക. ''വേദം നാരായണന്‍ തന്നെയാണ്.'' ശബ്ദ ബ്രഹ്മവും പരബ്രഹ്മവും എന്റെ രണ്ടു രൂപങ്ങളാണ്-എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ രൂപത്തിന് അന്തം-അവസാനമില്ല. ഭഗവാന്റെ രൂപമായ വേദത്തിനും അവസാനമില്ല. വേദത്തിന്റെ എത്രയോ ഭാഗങ്ങള്‍ അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. മുഴുവന്‍ വേദവും ഇതിഹാസ പുരാണങ്ങളും അറിയുന്ന വ്യക്തി ഞാന്‍ മാത്രമാണ് എന്ന് ഭഗവാന്‍ ഈ ശ്ലോകത്തില്‍ പറയുന്നു. വേറെ ആര്‍ക്കും വേദാര്‍ത്ഥം അറിയാനുള്ള സാമര്‍ത്ഥ്യവുമില്ല. ഞാന്‍ നിശ്ചയിച്ച അര്‍ത്ഥം എന്റെ പ്രസാദം കൊണ്ട്, മാത്രമേ വേറെ ഒരാള്‍ക്ക് അറിയാന്‍ കഴിയൂ.

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.