വാലാട്ടണമെന്നുകൂടി പറയാമായിരുന്നു

Friday 11 May 2018 2:07 am IST

നാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങളും നീതിപീഠവും കുരയ്ക്കണമെന്നും എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ കടിക്കണമെന്നും ഒരു ന്യായാധിപന്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു. കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്നവര്‍ക്ക് വാലാട്ടുവാനും അറിയാതെ വരില്ല. കുരയ്‌ക്കേണ്ടത് എപ്പോള്‍, കടിക്കേണ്ടത് എപ്പോള്‍ എന്നു കൂടി അദ്ദേഹത്തിന് വ്യക്തമാക്കാമായിരുന്നു. ഒപ്പം, വാലാട്ടേണ്ട സമയംകൂടി ചേര്‍ത്താല്‍ വളരെ നന്നായി.

 ചീഫ് ജസ്റ്റിസ്സിനെതിരെ എന്ന പേരില്‍ തെരുവിലിറങ്ങിയ ന്യായാധിപന്മാരുടെ ലക്ഷ്യം കേന്ദ്ര സര്‍ക്കാരാണെന്ന് ആര്‍ക്കാണ് അറിയാത്തത്? സോണിയയും കോണ്‍ഗ്രസ്സുമാണ് കേന്ദ്രത്തിലെങ്കില്‍ ഈ നീക്കം ഉണ്ടാവില്ല. മാനംമര്യാദയ്ക്ക്  ഭരണം നടത്തുന്ന ഒരു സര്‍ക്കാരിനെതിരെ രാജ്യത്തെ വിഘടനവാദികളും കള്ളന്മാരും കൊള്ളക്കാരും അരാജകത്വ വാദികളായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉറഞ്ഞുതുള്ളുന്നു. ഇങ്ങനെയുള്ളവര്‍ക്കു വീര്യം നല്‍കുകയും കലക്കവെള്ളത്തില്‍ നിന്നും  തങ്ങളുടെ ആളുകള്‍ക്ക് മുതലെടുക്കുവാന്‍ സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം. അസഹിഷ്ണുതയും അസൂയയും ഉള്ളവര്‍ എത്ര ഉന്നതങ്ങളിലെത്തിയാലും ഒരുവേള തല്‍സ്വഭാവം പുറത്തെടുക്കും. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. 

-വിജയന്‍ കെ.എസ്, വയനാട്

കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കനിവുണ്ടാകണം

കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രതിനിധീകരിക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ പല പ്രദേശങ്ങളിലും കടല്‍ ഭിത്തിയില്ല. ഉള്ള സ്ഥലങ്ങളിലാകട്ടെ തകര്‍ന്ന നിലയിലാണ്. ഇവിടങ്ങളില്‍ കല്ലിറക്കുന്നതിന് തയ്യാറാകണം. മുന്‍ കാലങ്ങളില്‍ ഏപ്രില്‍ അവസാനത്തോടെ കടല്‍ഭിത്തി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമായിരുന്നു. കാലവര്‍ഷ സീസണ്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും നടപടിയില്ല. 

തോമസ് ഐസക്ക് തീരപ്രദേശത്തെ ജനങ്ങളെ അവഗണിക്കുകയാണ്.  കടല്‍ക്ഷോഭം തടയാന്‍ കയര്‍ബാഗില്‍ മണ്ണുനിറച്ച് തുടങ്ങിയ പുതിയ പദ്ധതി അശാസ്ത്രീയമാണെന്ന് നേരത്തെതന്നെ തീരവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. കൂറ്റന്‍ പാറകള്‍പോലും കടല്‍ക്ഷോഭത്തില്‍ മറിയുമ്പോഴാണ് കയര്‍ബാഗില്‍ മണ്ണുനിറച്ച് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂരില്‍ സ്ഥാപിച്ചത്. മണ്ണുനിറച്ച കയര്‍ബാഗുകള്‍ ഇപ്പോള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി പാഴാക്കിയത്. ധനമന്ത്രി പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടും സ്വത്തും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ദുരന്തമാകും തീരത്തുണ്ടാകുക. 

മാത്യു ജോസഫ്,കാട്ടൂര്‍, മാരാരിക്കുളം തെക്ക്, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.