വിജയ്മല്ല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി

Friday 11 May 2018 2:12 am IST

ലണ്ടന്‍ : കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യരാജാവുമായ  വിജയ്മല്ല്യയുടെ യുകെയിലെ സ്വത്തുക്കള്‍ ജപ്തി  ചെയ്യാനുള്ള നിയമനടപടികളുമായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മുന്നോട്ടുപോകാമെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ്മല്ല്യയുടെ യുകെയിലെയും വെയില്‍സിലെയും സ്വത്തുക്കള്‍ ജപ്തി ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കുകള്‍ക്ക് മല്ല്യ 9000 കോടിയിലേറെ രൂപ നല്‍കാനുണ്ടെന്ന് വിധിയിലുണ്ട്. 

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മല്ല്യ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലില്‍ വിജയസാധ്യതയുണ്ടെങ്കിലോ, അപ്പീല്‍ കേള്‍ക്കുന്നതിന് തക്കതായ കാരണമുണ്ടെന്ന് ബോധ്യപ്പെടുകയോ ചെയ്താല്‍ മാത്രമേ കോടതി അപ്പീല്‍ അനുവദിക്കൂ. കോടതി വിധി അനുകൂലമാണെങ്കിലും മല്ല്യയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് ഇനിയുമേറെ കടമ്പകളുണ്ട്. യുകെ കോടതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരാണ് വസ്തുവകകള്‍ കണ്ടുകെട്ടേണ്ടത്. എന്നാല്‍ മല്ല്യയുടെ സുതാര്യമല്ലാത്ത സ്വത്തുവകകള്‍ മല്ല്യയുടേതാണെന്ന് സ്ഥാപിച്ചെടുക്കുകയാണ് ബാങ്കുകളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.