ടൈഗര്‍ ഫോഴ്‌സ്; ചട്ടവിരുദ്ധമായെടുത്തത് 27 കേസുകള്‍

Friday 11 May 2018 2:16 am IST

കൊച്ചി: ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ്(ആര്‍ടിഎഫ്) നിയമവിരുദ്ധമായി  നിരവധിക്കേസുകള്‍  കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരംലഭിച്ചു. പ്രദേശത്തെ സ്റ്റേഷനിലെ എസ്‌ഐയോ സിഐയോ അറിയാതെയാണ് കേസുകളെടുത്തതെന്നാണ് കണ്ടെത്തല്‍.

കളമശ്ശേരി എആര്‍ ക്യാമ്പിലെ 26  പേരെ ചേര്‍ത്ത് രൂപീകരിച്ച ആര്‍ടിഎഫിന് എസ്പി പ്രത്യേക പരിഗണന നല്‍കിയിരുന്നതായും വാരിക്കോരി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയതായും കണ്ടെത്തി. ഇത്തരത്തില്‍ ഏറ്റവുമധികം ഗുഡ് സര്‍വീസ് ലഭിച്ചത് ശ്രീജിത്ത് കൊലപാതകക്കേസിലെ ഒന്നാം പ്രതിയായ ആര്‍ടിഎഫിലെ പി.പി.സന്തോഷ്‌കുമാറിനാണ്. മറ്റുപ്രതികളായ ജിതിന്‍ രാജിനും എം.എസ്. സുമേഷിനും നിരവധി ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. 

എസ്പിയുടെ ഗുണ്ടാപ്പടയെപ്പോലെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. റൂറല്‍ ജില്ലയിലെ മയക്കുമരുന്ന് വില്‍പന സംഘങ്ങളെ കണ്ടെത്തുന്നതിനാണ് ആര്‍ടിഎഫ് രൂപീകരിച്ചത്്. പിന്നീട് സിപിഎമ്മിന്റെ ചട്ടുകമായി. എസ്പിക്കു നേരിട്ടു ലഭിക്കുന്ന പരാതികളിലും സിപിഎം നേതൃത്വം ആവശ്യപ്പെടുന്ന സംഭവങ്ങളിലും പ്രതികളെ പിടിക്കാന്‍ ഈ സംഘത്തിനായിരുന്നു ചുമതല. 

 രാത്രിയെന്നോ പകലെന്നോ നോക്കാതെ വീട്ടില്‍ കയറി കണ്ടവരെ പിടിക്കുകയാണ് ആര്‍ടിഎഫിന്റെ രീതി. പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനില്‍ എത്തിച്ച ശേഷം  കേസ് എടുക്കാന്‍ ആവശ്യപ്പെടും. എസ്‌ഐയും സിഐയുമൊക്കെ ആര്‍ടിഎഫിന്റെ ഉത്തരവ്  ശിരസാവഹിക്കും. ഇത്തരത്തില്‍ 27 സംഭവങ്ങളിലാണ് ഇവര്‍ ചട്ടവിരുദ്ധമായി പലരെയും പിടിച്ചത്. എസ്പി അറിയാതെയും ഈ സംഘത്തിലുള്ളവര്‍ ചില കേസുകളില്‍ ഇടപെട്ടെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ടൈഗര്‍ ഫോഴ്‌സിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.