വൃദ്ധദമ്പതികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി ആര്‍എസ്എസിന്റെ സേവാവിഭാഗം

Friday 11 May 2018 2:18 am IST

കുണ്ടറ: മരക്കമ്പുകാലില്‍ തുണി വലിച്ചുകെട്ടി അന്തിയുറങ്ങിയിരുന്ന വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി. പാല്‍ക്കുളങ്ങര വലിയമാടം ന്യൂ നഗര്‍ ഇടിയില്‍ തെക്കതില്‍ വീട്ടില്‍ തങ്കപ്പന്‍-കൊച്ചിക്ക ദമ്പതികള്‍ക്ക് ഇനി ഭയമില്ലാതെ കിടന്നുറങ്ങാം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ വീട് ഇന്നലെ ദമ്പതികള്‍ക്ക് കൈമാറി.

ടൈല്‍ പാകി രണ്ടു മുറിയും ശുചിമുറിയും അടുക്കളയുമുള്ള വീടാണ്. തുച്ഛമായ പെന്‍ഷനും സൗജന്യറേഷനും മാത്രമുള്ള എണ്‍പതു പിന്നിട്ട തങ്കപ്പനും ഭാര്യ കൊച്ചിക്കയ്ക്കും ജോലി ചെയ്യാനുള്ള ആരോഗ്യം പോലുമില്ല.  മുപ്പതുവര്‍ഷമായി തുണി വലിച്ചുകെട്ടി അതിലായിരുന്നു   താമസം. 

തലചായ്ക്കാന്‍ ഒരിടം തേടി  പല വാതിലുകളും മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. പട്ടിണിമൂലം എല്ലുംതോലുമായ വൃദ്ധദമ്പതികളുടെ സ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ  ആര്‍എസ്എസ്  പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. 

ധര്‍മരക്ഷാ സമിതി പ്രവര്‍ത്തകരായ കുഴിങ്കണ്ടം വിജയകുമാര്‍, കുട്ടന്‍ കിളികൊല്ലൂര്‍, പ്രതാപന്‍ തെക്കടം എന്നിവരുടെ ശ്രമഫലമായാണ് വീട് പെട്ടെന്ന് പൂര്‍ത്തിയായത്. 

 ആര്‍എസ്എസ്  കൊല്ലം മഹാനഗര്‍ സംഘചാലകും ധര്‍മരക്ഷാസമിതി പ്രസിഡന്റുമായ ആര്‍.ഗോപാലകൃഷ്ണന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. മുന്‍ശബരിമല മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി തിരിതെളിച്ച് നിലവിളക്ക് കൈമാറി. തുടര്‍ന്ന് തങ്കപ്പന്‍-കൊച്ചിക്ക ദമ്പതികള്‍ ഗൃഹപ്രവേശവും പാലുകാച്ചലും നടത്തി. ആര്‍ എസ്എസ് വിഭാഗ് സദസ്യന്‍ വി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് ആര്‍.അനീഷ്, വിദ്യാര്‍ത്ഥി പ്രമുഖ് കാ.നാ.അഭിലാഷ്, ഉപനഗര്‍ സഹകാര്യവാഹ് പട്ടത്താനം യു.ജയന്‍,  തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഷൈലജ, അമ്മന്‍നട ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ഗംഗ എന്നിവര്‍ പങ്കെടുത്തു. 

 ജില്ലാ ജഡ്ജി സുധാകാന്ത് സന്ദര്‍ശനം നടത്തുകയും പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.