അന്വേഷണമാവശ്യപ്പെട്ട് പുരോഹിതര്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്ക് പിന്നില്‍ കര്‍ദ്ദിനാള്‍?

Friday 11 May 2018 2:19 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമില്ല. അതിരൂപതയ്ക്ക് കീഴിലുള്ള ഭൂമി വീണ്ടും വില്‍ക്കാനുള്ള നീക്കത്തിനെതിരെ ഒരുകൂട്ടം  പുരോഹിതര്‍ രംഗത്തെത്തി. കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള നീക്കമാണ് വിവാദമായത്. ഭൂമി ആവശ്യപ്പെട്ടെത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പിന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണെന്നാണ്് ഒരുവിഭാഗം പുരോഹിതര്‍ ആരോപിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പുരോഹിതര്‍ ആവശ്യപ്പെടുന്നുണ്ട്. 

ആദ്യം അതിരൂപതയിലെ ഭൂമി വില്‍പ്പനയെ തുടര്‍ന്ന് ഇടനിലക്കാരാണ് കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും നല്‍കിയത്. കോട്ടപ്പടിയിലെ ഭൂമിക്ക് 6.6 കോടി രൂപ നല്‍കിയതായാണ് ആധാരത്തില്‍. കൂടാതെ, 9.38 കോടി രൂപ വേറെയും നല്‍കി. ഈ സ്ഥലമാണ് ഇപ്പോള്‍ വില്‍പ്പന നടത്താന്‍ കര്‍ദ്ദിനാളും സംഘവും നീക്കം നടത്തുന്നതെന്നാണ് ആരോപണം. സ്ഥലം വാങ്ങാനായി ഏതാനും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് പിന്നില്‍ കര്‍ദ്ദിനാളാണെന്നാണ് ഒരുവിഭാഗം പുരോഹിതരുടെ ആരോപണം. 

നേരത്തെ ഭൂമി വില്‍പ്പന നടത്തി സഭയ്ക്ക് കര്‍ദ്ദിനാള്‍ കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. സഭ നിയോഗിച്ച അന്വേഷണ സംഘം തന്നെ ഇത് കണ്ടെത്തിയതുമാണ്. എന്നാല്‍, ഈ നഷ്ടം നികത്താന്‍ ഇതുവരെ കര്‍ദ്ദിനാള്‍ തയ്യാറായിട്ടില്ല. കര്‍ദ്ദിനാളിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും പുരോഹിതരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതുണ്ടായില്ല. വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ നടന്നതിനാല്‍, കര്‍ദ്ദിനാളിനെതിരായ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് പുരോഹിതര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതുമുതലെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കര്‍ദ്ദിനാള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. ഇതിനുശേഷമാണ് വീണ്ടും ഭൂമി കച്ചവടത്തിനിറങ്ങിയതെന്നാണ് പുരോഹിതരുടെ ആരോപണം. 

 വീണ്ടും ഭൂമി വില്‍പ്പന നടത്താനുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കാട്ടി അതിരൂപതയിലെ പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കഴിഞ്ഞദിവസം കര്‍ദ്ദിനാളിന് കത്ത് നല്‍കിയിരുന്നു. ഭൂമി വില്‍പന തടയാനായി കേസ് കൊടുക്കുന്നതിനെക്കുറിച്ചും പുരോഹിതര്‍ ആലോചിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.