ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി കെണിയില്‍ വീണു ചത്തു

Friday 11 May 2018 2:20 am IST

കാലടി: അയ്യമ്പുഴ കണ്ണിമംഗലത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കെണിയില്‍ വീണ് ചത്തു. മാസങ്ങളായി സമീപത്തെ വീടുകളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന പുലിയാണ് കെണിയില്‍ വീണതെന്ന് കരുതുന്നു. 

വ്യാഴാഴ്ച വെളുപ്പിന് റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് പുലിയെ കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച് കോടനാട് അയ്യമ്പുഴ കാരക്കോട് എന്നീ സ്റ്റേഷനുകളിലെ വനപാലകര്‍ എത്തി. ഉദ്ദേശം 8 വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയാണ് കുരുങ്ങിയതെന്ന് മനസിലായി.  നേരം വെളുത്ത് വെറ്ററിനറി ഡോക്ടറെ എത്തിച്ച് മയക്ക് വെടിവെച്ച് കോടനാടേക്ക് കൊണ്ടുപോകാനായിരുന്നു വനപാലകരുടെ ഉദ്ദേശ്യം. എന്നാല്‍, കേബിളുകൊണ്ട് വയറിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ് അവശനിലയിലായിരുന്നു പുലിയെന്ന്  ഡോക്ടറുടെ പരിശോധനയില്‍ വ്യക്തമായി. 

കോടനാട് നിന്നും കൂട് എത്തിച്ച് കൂട്ടില്‍ കയറ്റിയെങ്കിലും പുലി ചത്തിരുന്നു. കോടനാട് എത്തിച്ച പുലിയെ വെറ്ററിനറി ഡോക്ടറും ഡിഎഫ്ഒയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. കെണി സ്ഥാപിച്ച പറമ്പ് ഉടമയ്ക്ക് എതിരെ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.