ജസ്റ്റിസ് കെ.എം. ജോസഫ്; വീണ്ടും ശുപാര്‍ശ നല്‍കണമെന്ന് വിമത ജഡ്ജിമാര്‍

Friday 11 May 2018 2:31 am IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയയ്ക്കണമെന്ന് കൊളീജിയത്തിലെ നാല് വിമത ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോക്കുര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരില്‍ക്കണ്ട് ആവശ്യം ഉന്നയിച്ചു. 

ബുധനാഴ്ച അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. നിയമന ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തി പരസ്യമായി ആരോപണമുന്നയിച്ചവരാണ് നാല് ജഡ്ജിമാരും.

സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ നേരത്തെ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഏതാനും ദിവസം മുന്‍പ് ചേര്‍ന്ന കൊളീജിയം യോഗം ഇത് ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം എടുത്തില്ല. ഇനി കൊളീജിയം ചേരുന്നത് സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ക്കണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.