ന്യൂദല്‍ഹി: ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ചൈനയില്‍ സംഘടിപ്പിച്ച ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു. വിനോദസഞ്ചാര മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും ഏറ്റവും മികച്ച ടൂറിസം വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞെന്നും ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉച്ചകോടിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് അംഗരാജ്യങ്ങളുടെ സഹകരണത്തിന് വലിയ സാധ്യതയാണുള്ളതെന്നും ഉദ്ഘാടന സമ്മേളനത്തില്‍ കണ്ണന്താനം സൂചിപ്പിച്ചു.
ചൈനീസ് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് മന്ത്രി ലീ ജിന്വാവോയുമായും കണ്ണന്താനം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര ടൂറിസം മന്ത്രി ചൈന സന്ദര്‍ശിച്ചത്. പ്രതിരോധം, വിദേശകാര്യം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അടുത്തിടെ മോദിയുടെ ചൈനാ യാത്രയില്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടൂറിസം മന്ത്രി തല സംഘത്തെ ചൈനയിലേക്ക് അയച്ചത്.
കേന്ദ്രടൂറിസം ജോയിന്റ് സെക്രട്ടറി സുമന് ബില്ല ഐഎഎസും മന്ത്രിക്കൊപ്പമുണ്ട്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ചൈന സന്ദര്‍ശിക്കും. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന മോദി സുപ്രധാന കരാറുകള്‍ ഒപ്പ് വെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: