മാധ്യമങ്ങള്‍ക്ക് ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാവും; ജന്മഭൂമി ഇതിനൊരു മാതൃകയാണ്: മോഹന്‍ലാല്‍

Friday 11 May 2018 2:35 am IST
ഒരു പത്രത്തിന്റെ കരുത്ത് അത് മുന്നോട്ടുവയ്ക്കുന്ന ആശയത്തിലും ആദര്‍ശങ്ങളിലുമാണ്. മാധ്യമങ്ങള്‍ക്ക് ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാവും. ജന്മഭൂമി ഇതിനൊരു മാതൃകയാണ്. അടിയന്തരാവസ്ഥക്ക് എതിരെയുള്ള പോരാട്ടം, മന്മഥന്‍ സാര്‍, വി.എം. കൊറാത്ത് അടക്കമുള്ള നേതൃത്വം എന്നിവയെല്ലാം അതിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്.

വേദിയിലും സദസ്സിലുമുള്ള മഹദ്‌വ്യക്തികളെ ആദരണീയരെ സുഹൃത്തുക്കളെ എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു സായാഹ്‌നം നേരുന്നു. വീണ്ടും കോട്ടയത്ത്. വളരെ അപൂര്‍വ്വമായി ചടങ്ങുകളുമായി ബന്ധപ്പെട്ട് മാത്രമേ ഞാന്‍ കോട്ടയത്ത് വരാറുള്ളൂ. പക്ഷേ ആ ചടങ്ങുകളൊക്കെ മഹത്തായ ചടങ്ങുകളാണ്. വളരെയധികം ബന്ധമുള്ള ഒരു നഗരമാണ് കോട്ടയം. എന്റെ ഒരുപാട് നല്ലനല്ല സിനിമകള്‍  ഷൂട്ട് ചെയ്ത നഗരമാണിത്. നല്ല നല്ല സുഹൃത്തുക്കളുള്ള നഗരമാണിത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരമാണ് കോട്ടയം. ജന്മഭൂമിയുടെ നാല്‍പത്തിയൊന്നാം വാര്‍ഷികാഘോഷഭാഗമായ ഈ ചടങ്ങില്‍ പങ്കെടുക്കാനും, ഈ അംഗീകാരവും അവാര്‍ഡും സ്വീകരിക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ ആഹ്‌ളാദവും സന്തോഷവും ഞാന്‍ നിങ്ങളുമായി പങ്കിടുന്നു. ജന്മഭൂമി മാനേജ്‌മെന്റിനോടും ജഡ്ജിംഗ് കമ്മറ്റിയോടും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.

ഏതൊരു ബഹുമതിയും സ്വീകരിക്കുന്ന അതേ മനസ്സോടെ, അതേ ആഹ്‌ളാദത്തോടെ ഈ ബഹുമതിയും ഞാന്‍ സ്വീകരിക്കുന്നു. നാടിന്റെ അഭിമാനമായ ശ്രീധരന്‍സാറുമൊത്ത് ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡിന് അര്‍ഹമായത് ഏറ്റവും വലിയ അംഗീകാരമായി, ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഞാനും അദ്ദേഹവും അടുത്ത ബന്ധമുള്ള ആളുകളാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു. വളരെ സുതാര്യതയും ധൈര്യവുംകൊണ്ട് മുന്നേറിയ അദ്ദേഹത്തിന്റെ കളങ്കമറ്റ പൊതുജനസേവനം ഒരു മാതൃകയാണ്. സാഹചര്യങ്ങള്‍ക്ക് അടിമപ്പെടാതെ സധൈര്യം അവരവരുടെ കര്‍മ്മപാതയില്‍ മുന്നേറുക. സമയപരിധി ഒരു സമ്മര്‍ദ്ദമല്ല. മറിച്ച് അതൊരു പ്രചോദനമായി കാണുക. ഒഴുക്കിനെതിരെ നീന്തേണ്ടിവന്നാലും ജോലിയോട് സുതാര്യത പുലര്‍ത്തുക. അധികാരത്തിന്റെ ശക്തിയേക്കാള്‍ വ്യക്തിത്വംകൊണ്ട് കൂടെയുള്ളവരെ നയിക്കുക. ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്ന പാഠങ്ങളാണ്. ഇത് ഞാന്‍ വിശ്വസിക്കുന്ന സത്യങ്ങളാണ്. അതുകൊണ്ട് അവാര്‍ഡുകളും അംഗീകാരങ്ങളുമൊന്നും നമ്മെ സ്വാധീനിക്കാന്‍ പാടില്ല. എന്നതുപോലെ വിമര്‍ശനങ്ങള്‍ നിരുത്‌സാഹപ്പെടുത്താനും പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ 36 വര്‍ഷമായി വിനോദവുമായി ബന്ധപ്പെട്ട മേഖലയുടെ ഭാഗമാകാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ തൊഴില്‍പരമായും വ്യക്തിപരമായും ഔന്നത്യവും വ്യക്തിത്വവുമൊക്കെ നേടാന്‍ കഴിഞ്ഞു. എന്റെ സഹപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, സംവിധായകന്‍, ക്യാമറാമാന്മാര്‍, ലൈറ്റ് ബോയ്‌സ് ഉള്‍പ്പെടെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങളും എന്നെ ഈ ഉയരത്തിലെത്താന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ഈ അവസരത്തില്‍ എന്റെ വിനീതമായ നന്ദി അറിയിക്കുന്നു.

എന്നില്‍ പ്രതീക്ഷ അര്‍പ്പിച്ച നിര്‍മ്മാതാക്കളോടും എന്നെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരായ നിങ്ങള്‍ക്കും എന്റെ അകൈതവമായ നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഇതിനു മുമ്പ് കിട്ടിയ അവാര്‍ഡുകള്‍ പോലെ ഈ അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ലജന്‍ഡ് എന്ന നിലയിലും ജന്മഭൂമി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനും അംഗീകാരത്തിനും വളരെയധികം നന്ദി.

ഒരു പത്രത്തിന്റെ കരുത്ത് അത് മുന്നോട്ടുവയ്ക്കുന്ന ആശയത്തിലും ആദര്‍ശങ്ങളിലുമാണ്. മാധ്യമങ്ങള്‍ക്ക് ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാവും. ജന്മഭൂമി  ഇതിനൊരു മാതൃകയാണ്. അടിയന്തരാവസ്ഥക്ക് എതിരെയുള്ള പോരാട്ടം, മന്മഥന്‍ സാര്‍, വി.എം. കൊറാത്ത് അടക്കമുള്ള നേതൃത്വം എന്നിവയെല്ലാം അതിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. ഇന്ന് സദാചാരം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ അത് നടപ്പാക്കാന്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോകുന്നവര്‍ക്ക് ജന്മഭൂമിയില്‍ അത് കാണാന്‍ കഴിയും. സംസ്‌കൃതി എന്ന പേരില്‍ ഒരു പേജ് ഇത്തരത്തില്‍ മാറ്റിവച്ച പത്രത്തിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കാതെ തരമില്ല. എനിക്ക് ജന്മഭൂമിയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്നുനല്‍കിയത് ഈ പത്രത്തിന്റെ മുന്‍കാല എംഡിയായിരുന്ന പി.പി. മുകുന്ദനാണ്. ഞാന്‍ ഈ അവസരത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു.

കലകളെയും കലാകാരന്മാരെയും ആദരിക്കുന്നതില്‍ ജന്മഭൂമി ഒരു പുതിയ ചുവടുവച്ചിരിക്കുന്നു. ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരവും മികച്ച നടനുള്ള അവാര്‍ഡും ഏറ്റുവാങ്ങാന്‍ എനിക്ക് അവസരം ഉണ്ടായതില്‍ സന്തോഷിക്കുന്നു. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ശുഭരാത്രി. ജയ് ഹിന്ദ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.