വിവരാവകാശ കമ്മീഷന്‍: സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

Friday 11 May 2018 3:27 am IST

തിരുവനന്തപുരം: വിവരാവകാശ കമ്മീഷനിലേക്ക്  സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത അംഗങ്ങളില്‍ നിന്നു സിപിഎം നേതാവിന്റെ പേരു ഗവര്‍ണര്‍ വെട്ടി.  കമ്മീഷനിലെ അഞ്ചംഗങ്ങളുടെ ഒഴിവിലേക്ക് നല്‍കിയ പേരുകളില്‍ സിപിഎം  ജില്ലാ കമ്മിറ്റിയംഗം എ.എ.റഷീദിന്റെ പേരാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിലടക്കം ആരോപണവിധേയനായ റഷീദ് മുഖ്യമന്ത്രിയുടെ  അടുപ്പക്കാരനാണ് .

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാവ് കെ.എല്‍. വിവേകാനന്ദന്‍, വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി.സുധാകരന്‍, പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ആര്‍.ശ്രീലത, ടൈറ്റാനിയം മുന്‍ എം.ഡി സോമനാഥ പിള്ള എന്നിവരുടെ പേരുകള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അംഗീകരിച്ചു.

 എ.എ.റഷീദിനെക്കുറിച്ചുള്ള  പരാതികള്‍  ഗവര്‍ണര്‍ക്കു മുന്നിലെത്തിയിരുന്നു.  ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുമുണ്ട്. തുടര്‍ന്ന്   ഗവര്‍ണര്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട്് തേടി. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല.

സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടെ യോഗ്യത അടക്കമുള്ള കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്  പട്ടിക ഗവര്‍ണര്‍  ആദ്യം മടക്കി. എന്നാല്‍ വിശദീകരണമടക്കം പേരുകളില്‍ മാറ്റം വരുത്താതെ വീണ്ടും ഗവര്‍ണര്‍ക്കു നല്‍കി.  തുടര്‍ന്നാണ്  റഷീദിന്റെ പേര് ഒഴിവാക്കി മറ്റു നാലു പേരുകള്‍ക്കു ഗവര്‍ണര്‍ .അംഗീകാരം നല്‍കിയത്.   മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ എ.എ. റഷീദിന്റെ പേര് ഗവര്‍ണര്‍ വെട്ടിയത് സര്‍ക്കാരിന് തിരിച്ചടിയായി.

വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെ കമ്മിഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യണമെന്നാണ് ചട്ടം. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു സര്‍ക്കാര്‍ പട്ടിക ഗവര്‍ണറുടെ അടുത്തെത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മിഷനിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച് വലിയ വിവാദം ഉയര്‍ന്നിരുന്നു. അന്നും ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.