റെക്കോഡില്‍ തിളങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

Friday 11 May 2018 3:39 am IST

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് കിരീടം ശിരസിലേറ്റിയ മാഞ്ചാസ്റ്റര്‍ സിറ്റി കുതിപ്പ്് തുടരുന്നു. സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തില്‍ ബ്രൈട്ടനെ തകര്‍ത്തതോടെ ലീഗിലെ മൂന്ന് റെക്കോഡുകള്‍ സിറ്റിക്ക് സ്വന്തമായി. കൂടുതല്‍ പോയിന്റ്, കൂടുതല്‍ വിജയങ്ങള്‍, കൂടുതല്‍ ഗോളുള്‍ എന്നിവയാണ് പെപ്പ് ഗോര്‍ഡിയോളയുടെ ടീം സ്വന്തമാക്കിയത്.

ബ്രൈട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 37 മത്സരങ്ങളില്‍ സിറ്റിയുടെ 31-ാം വിജയമാണിത്. മൂന്ന് ഗോള്‍ അടിച്ചതോടെ സ്‌കോര്‍ ചെയ്ത ഗോളുകള്‍ 105 ആയി. മൊത്തം പോയിന്റ് 97 ആയി. ഇതോടെ ചെല്‍സി കുറിച്ചിട്ട റെക്കോഡുകളാണ് പഴങ്കഥയായത്്. അവസാന മത്സരത്തില്‍ ഞായറാഴ്ച സതാംപ്ടണെ തോപ്പിച്ചാല്‍ പ്രീമിയര്‍ ലീഗില്‍ നൂറ് പോയിന്റു നേടുന്ന ആദ്യ ടീമാകും മാഞ്ചസ്റ്റര്‍ സിറ്റി.

സ്വന്തം തട്ടകത്തില്‍ അവസാന മത്സരം കളിക്കുന്ന പരിചയസമ്പന്നനായ മധ്യനിരക്കാരന്‍ യായ ടോറിയെ ക്യാപ്റ്റനാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിനിറങ്ങിയത്. ഡാനില, ബെര്‍നാഡോ സില്‍വ, ഫെര്‍ണാന്‍ഡീഞ്ഞോ എന്നിവരുടെ ഗോളുകളില്‍ സിറ്റി വിജയം പിടിച്ചു. ലിറോയ് സെയ്‌നാണ് മുന്ന് ഗോളിനും അവസരമൊരുക്കിത്. ലിയനാര്‍ഡോയാണ് ബ്രൈട്ടന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.

പതിനാറാം മിനിറ്റില്‍ ഡാനിലോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. പക്ഷെ നാലു മിനിറ്റുകള്‍ക്ക് ശേഷം ലിയനാര്‍ഡോയിലൂടെ ബ്രൈട്ടന്‍ ഗോള്‍ മടക്കി. 

34-ാം മിനിറ്റില്‍ സിറ്റി വീണ്ടും മുന്നിലെത്തി. ബെര്‍നാഡോ സില്‍വയാണ് സ്‌കോര്‍ ചെയ്തത്. 72-ാം മിനിറ്റില്‍ ഫെനാന്‍ഡീഞ്ഞോ സിറ്റിയുടെ മൂന്നാം ഗോളും കുറിച്ചു. സ്വന്തം തട്ടകത്തില്‍ അവസാന മത്സരം കളിച്ച യായ ടോറിക്ക് മത്സരശേഷം പുരസ്‌കാരം നല്‍കി. സഹോദരനും മുന്‍ സിറ്റി താരവുമായ കോളോ ടോറിയാണ് സിറ്റിയുടെ പുരസ്‌കാരം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.