ജര്‍മ്മനിയില്‍ ഒരു ഇറ്റാലിയന്‍ വിജയഗാഥ

Friday 11 May 2018 3:49 am IST

2006ലെ ഫിഫ ലോകകപ്പിന് വേദിയായത് ജര്‍മ്മനി. ഈ ലോകകപ്പിന്റെ ഔദ്യോഗിക നാമം 2006 ഫിഫ ലോകകപ്പ്-ജര്‍മ്മനി എന്നായിരുന്നു. 2006 ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെയായിരുന്നു ലോകകപ്പിനായുള്ള പോരാട്ടങ്ങള്‍. ചരിത്രത്തില്‍ രണ്ടാം തവണയായിരുന്നു ജര്‍മ്മനിയുടെ ആതിഥേയത്വം. 1974ലെ ലോകകപ്പായിരുന്നു ആദ്യം ജര്‍മ്മനിയില്‍ അരങ്ങേറിയത്. മെക്‌സിക്കോ, ഇറ്റലി, ഫ്രാന്‍സ്—എന്നീ രാജ്യങ്ങള്‍ക്ക്—ശേഷം ലോകകപ്പിന് രണ്ടാംതവണ ആതിഥേയത്വമരുളാന്‍ ഭാഗ്യം ലഭിച്ച രാജ്യമായി ജര്‍മ്മനി. 

സിദാന്റെ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ആന്ദ്രെ പിര്‍ലോയുടെ ഇറ്റലി പതിനെട്ടാമത് ലോകകപ്പിന് അവകാശികളായി. ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി. 

ആറു വന്‍കരകളിലെ 197 രാജ്യങ്ങള്‍ പലഘട്ടങ്ങളിലായി മത്സരിച്ചാണ്—ലോകകപ്പ്—ഫൈനല്‍ റൗണ്ടിലേക്കുള്ള 32 ടീമുകളെ തിരഞ്ഞെടുത്തത്. യോഗ്യതാ റൗണ്ടില്‍ ആകെ  847 കളികള്‍. 2464 ഗോളുകളും  പിറന്നു. മെക്‌സിക്കോയുടെ ജെറാര്‍ഡ് ബൊര്‍ഗെറ്റി 14 ഗോളുകളുമായി യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോററായി.

ആഫ്രിക്കയില്‍ നിന്ന് അംഗോള, ഐവറി കോസ്റ്റ്, ഘാന, ടോഗോ, ടുണീഷ്യ, ഏഷ്യയില്‍ നിന്ന് ഇറാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, സൗദി അറേബ്യ, തെക്കേ അമേരിക്കയില്‍നിന്ന് അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, പരാഗ്വെ, ഓഷ്യാന മേഖലയില്‍ പ്ലേ ഓഫ് കളിച്ച് ഓസ്‌ട്രേലിയ, യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഹോളണ്ട്, പോളണ്ട്, പോര്‍ച്ചുഗല്‍, സെര്‍ബിയ മോണ്ടനെഗ്രോ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഉക്രെയിന്‍, വടക്കേ അമേരിക്കയില്‍നിന്ന് കോസ്റ്ററിക്ക, മെക്‌സിക്കോ, ട്രിനിഡാഡ്-ടൊബാഗോ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജര്‍മ്മനിയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. 

ഈ ലോകകപ്പ് മുതലാണ് നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിച്ച് യോഗ്യത നേടണമെന്ന നിയമം നിലവില്‍വന്നത്. ആതിഥേയര്‍ക്കു മാത്രമായിരുന്നു നേരിട്ട് യോഗ്യത ലഭിച്ചത്.

ആകെ 64 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ അരങ്ങേറിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 147 ഗോളുകളാണ് പിറന്നത്. ഒരു ഹാട്രിക്ക് പോലും  പിറന്നില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഹാട്രിക്ക് പോലും പിറക്കാതിരുന്ന ഏക ടൂര്‍ണമെന്റായി ഇത്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ അണിനിരന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂണ്‍ 24ന് ആരംഭിച്ചു. 

ജര്‍മ്മനി, സ്വീഡന്‍, അര്‍ജന്റീന, മെക്‌സിക്കോ, ഇംഗ്ലണ്ട്, ഇക്വഡോര്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉക്രെയിന്‍, ബ്രസീല്‍, ഘാന, സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഈ മത്സരങ്ങളില്‍ വിജയിച്ച് അര്‍ജന്റീന, ജര്‍മ്മനി, ഉക്രെയിന്‍, ഇറ്റലി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബ്രസീല്‍, ഫ്രാന്‍സ് ടീമുകള്‍ ക്വാര്‍ട്ടറില്‍. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ജര്‍മ്മനിയും ഉക്രെയിനിനെ തകര്‍ത്ത് ഇറ്റലിയും ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ കീഴടക്കി പോര്‍ച്ചുഗലും നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ 1-0ന് പരാജയപ്പെടുത്തി ഫ്രാന്‍സും സെമിയിലെത്തി. 1982ലെ സ്‌പെയിന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാന നാലിലെത്തിയത്. സെമിയില്‍ ജര്‍മ്മനിക്ക് എതിരാളികള്‍ ഇറ്റലിയും ഫ്രാന്‍സിന് പോര്‍ച്ചുഗലുമായിരുന്നു. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ 2-0ന് ജര്‍മ്മനിയെ കീഴടക്കി ഇറ്റലിയും പോര്‍ച്ചുഗലിനെ 1-0ന് കീഴടക്കി ഫ്രാന്‍സും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

ബര്‍ലിനിലെ ഒളിമ്പിയ സ്‌റ്റേഡിയത്തില്‍ ഏറെ വാശിയേറിയതായിരുന്നു ഫൈനല്‍ പോരാട്ടം. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ച ഫൈനലിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഇറ്റലി കിരീടമണിഞ്ഞത്. ഏഴാം മിനിറ്റില്‍ സിനദിന്‍ സിദാന്റെ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ തിരിച്ചടിച്ച ഇറ്റലി 19-ാം മിനിറ്റില്‍ മാര്‍ക്കോ മറ്റരാസിയിലൂടെ സമനില പിടിച്ചു. കളി ഇടയ്ക്ക് പരുക്കനാവുകയും ചെയ്തു. അധിക സമയത്ത് മാര്‍ക്കോ മറ്റരാസിയെ തലകൊണ്ടിടിച്ചതിന് ഫ്രഞ്ച് നായകന്‍ സിനദിന്‍ സിദാന്‍ 110-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. 

അങ്ങനെ സിദാന്‍ ടൂര്‍ണമെന്റിലെ ഹീറോയും സീറോയുമായി മാറുന്നതിനും സാക്ഷ്യം വഹിച്ചു. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു ഇറ്റലിയുടെ വിജയം. പോര്‍ച്ചുഗലിനെ 3-1ന് തകര്‍ത്ത് ജര്‍മ്മനി മൂന്നാം സ്ഥാനം നേടി.

ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ 5 ഗോളുകളുമായി ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകം സ്വന്തമാക്കി. ഫൈനലില്‍ ചുവപ്പുകാര്‍ഡ് പുറത്തുപോകേണ്ടിവന്നിട്ടും ലോകകപ്പിലെ മികച്ച താരത്തിനുള്ള സുവര്‍ണ്ണപന്ത് ഫ്രഞ്ച് നായകന്‍ സിനദിന്‍ സിദാന്‍ നേടി. ഇത് പിന്നീട് ഏറെ വിവാദങ്ങളുണ്ടാക്കുകയും ചെയ്തു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് ഇറ്റലിയുടെ ജിയാന്‍ലുജി ബഫണും യുവതാരത്തിനുള്ള പുരസ്‌കാരം ജര്‍മ്മനിയുടെ ലൂക്കാസ് പൊഡോള്‍സ്‌കിയ്ക്കും സ്വന്തമായി. ഫെയര്‍ പ്ലേ ട്രോഫി ബ്രസീലും സ്‌പെയിനും പങ്കിട്ടപ്പോള്‍ എന്റര്‍ടെയ്‌നിങ് ടീമായി പോര്‍ച്ചുഗലും തെരഞ്ഞെടുക്കപ്പെട്ടു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.