ബോഗീബീല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

Friday 11 May 2018 11:03 am IST

ദിസ്‌പൂര്‍: ആസാമിലെ ദിബ്രുഗ്രാഹ് ജില്ലയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മിക്കുന്ന ബോഗീബീല്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തി. ഈ വര്‍ഷം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. 4.94 കിലോമീറ്റർ ദൈർഘ്യമുള്ള ബോഗിബീൽ ഡബിൾ ഡക്കർ പാലം ഇന്ത്യയിൽ തന്നെ ഏറ്റവും നീളമേറിയ പാലമായിരിക്കും.

വൈദ്യുതി, സിഗ്നലിങ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. താഴെ തട്ടിൽ രണ്ടുവരി റെയിൽ ട്രാക്കും മുകളിലെ തട്ടിൽ മൂന്നുവരി റോഡ് പാത വരുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മാണം. പാലം ഗതാഗതത്തിന് തുറക്കുന്നതോടെ ആസാം, അരുണാചൽ പ്രദേശിലുള്ള വികാസം പ്രാപിച്ചിട്ടില്ലാത്ത മേഖലകൾക്കെല്ലാം ഇതൊരു മുതൽകൂട്ടായിരിക്കും.

ഏതാണ്ട് 4,857 കോടി രൂപയാണ് ഡബിൾ ഡക്കർ പാലത്തിന്റെ മൊത്തത്തിലുള്ള നിർമാണ ചെലവായി കണക്കാക്കപ്പെടുന്നത്. പാലം പണിയുന്നതിനായി നദിക്ക് കുറുകെയായി തിണ്ടുകൾ കെട്ടുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളിയുയർത്തിയതും കാലതാമസം വേണ്ടിവന്നതും. നൂറ് ശതമാനം സ്റ്റീലിൽ ഉരുക്കിച്ചേർത്തുണ്ടാക്കിയ പാലമെന്നാണിതിന്റെ മറ്റൊരു സവിശേഷ. അക്കാരണം കൊണ്ടുതന്നെ മേൽക്കൂരപോലെ പാലത്തിന് മുകളിൽ കൂടി പണിതിട്ടുള്ള ഫ്രെയിമുകൾക്കും ഭാരം കുറവായിരിക്കും. 

സ്വീഡിഷ് സാങ്കേതികതയിലാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. ഇത്തരത്തിൽ വിളക്കിച്ചേർത്ത സ്റ്റീൽ ഉപയോഗിക്കുന്നത് കാരണം നിർമാണ ചിലവും കുറയ്ക്കാൻ സാധിച്ചുവെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. 2002ൽ പ്രധാനമന്ത്രയായിരുന്ന അടൽബിഹാരി വാജ്പേയി ആയിരുന്നു പാലം നിർമ്മാണത്തിനായുള്ള അടിത്തറ പാകിയത്. ബ്രഹ്മപുത്ര നദിക്ക് കുറുകെയായി ഇങ്ങനെയുള്ളൊരു ഡബിൾ ഡക്കർ പാലം പണിയാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണമായിരുന്നു നിർമാണത്തിലുണ്ടായ കാലതാമസം.

 നിലവിൽ 5.6 കിലോമീറ്റർ നീളമുള്ള ബാന്ദ്ര-വെർളി കടൽപ്പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ് പാലം. അതുപോലെ കൊച്ചിയിൽ വെമ്പനാട് കായലിന് കുറുകെ പണിതിട്ടുള്ള റെയിൽപാലമാണ് ഏറ്റവും നീളമേറിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.