കോഴിക്കോട്: അച്ചടക്കമുള്ള സേനാംഗങ്ങള്‍ സമൂഹത്തോടുള്ള ബാധ്യത പൂര്‍ണമായും പാലിച്ചുവേണം സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. പോലീസിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ട്. സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് പൊരുത്തപ്പെടാത്തവര്‍ സേനയില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് അസോസിയേഷന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യത്തിന് അനുസരിച്ചുള്ള മര്യാദകള്‍ പാലിച്ചുവേണം സേന പ്രവര്‍ത്തിക്കാന്‍. സംരക്ഷണം വേണ്ടവര്‍ പോലീസിനെയാണ് സമീപിക്കുന്നത്. നീതി വേണ്ടവര്‍ കോടതിയേയും. ഇത് രണ്ടിന്റേയും വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. നിയന്ത്രണങ്ങള്‍ക്കും നിയമാവലിക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം. പോലീസ് സേനയ്ക്ക് രാഷ്ട്രീയം പാടില്ല. വ്യക്തികള്‍ക്ക് ഭരണഘടന അനുസരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്. അത് സേനയ്ക്കുള്ളില്‍ വേണ്ടെന്നും ശശീന്ദ്രന് വ്യക്തമാക്കി.
മാധ്യമങ്ങള്‍ പോലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട ശത്രുവാണ്. അതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച അസോസിയേഷന് പ്രസിഡന്റ് ബൈജുവും മാധ്യമങ്ങളെ വിമര്‍ശിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാത്ത തരത്തില്‍ പോലീസ് സമ്മേളനത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുകയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ വലുതാക്കുന്നും അച്ചടക്ക ലംഘനം സംഘടന നടത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ബൈജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: