പാലം തരാമെന്ന് പറഞ്ഞ് പറ്റിച്ചത് മുപ്പതാണ്ട്

Friday 11 May 2018 2:48 pm IST
മാറ്റത്തിന് കൊതിച്ച് ഈഴക്കടവ്
"ഈഴക്കടവ് പാലത്തിനായുള്ള നിവേദനം ഫാ: റെജിന്‍സണ്‍ റിച്ചാര്‍ഡ് കുമ്മനം രാജശേഖരന് സമര്‍പ്പിക്കുന്നു"

ചെന്നിത്തല: ഈഴക്കടവുകാര്‍ക്ക് ഒരു പാലം വേണം. അച്ചന്‍കോവിലാറിന് കുറുകെ. ആ പത്ത് കാലത്ത് ഒരു ആംബുലന്‍സിന് കടന്നു പോകാനുള്ള വീതിയിലെങ്കിലും ഒരു പാലം. മുപ്പതാണ്ട് നീളുന്ന കാത്തിരിപ്പാണിത്. ചെങ്ങന്നൂരില്‍ നിന്ന് പാലം തരാമെന്ന് പറഞ്ഞ് വോട്ട് വാങ്ങിപ്പോയവരാരും പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഈഴക്കടവില്‍ നിന്ന് ചെറിയ പെരുമ്പുഴയിലേക്ക് കടത്ത് വള്ളമാണ് ഏക ആശ്രയം. അതാകട്ടെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ മാത്രവും. 

ആറിനക്കരെയുള്ള മാവേലിക്കര നഗരത്തിലെത്താന്‍ നാട്ടുകാര്‍ ചുറ്റേണ്ടി വരുന്നത് പത്ത് കിലോമീറ്റര്‍. ആശുപത്രിക്കേസുകളോ മറ്റോ വന്നാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റിവളഞ്ഞുള്ള ദുരിത വഴിയാണ് ശരണം. എം. മുരളി എംഎല്‍എ ആയിരിക്കെ പാലം ഇപ്പ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് ഒരു പദ്ധതി ഉണ്ടാക്കി. പിന്നീട് വന്ന എംഎല്‍എമാരും തെരഞ്ഞെടുപ്പ് കാലത്ത് ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു.

മടുത്തപ്പോള്‍ നാട്ടുകാര്‍ ബി ജെ പിയില്‍ അഭയം തേടി. ലത്തീന്‍ കത്തോലിക്ക സമുദായത്തിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇപ്പോള്‍ വാര്‍ഡ്‌മെമ്പര്‍ ബിജെപി ക്കാരനായ ഉദയന്‍ ചെന്നിത്തലയാണ്. അപ്പോള്‍ പിന്നെ ഇടതനും വലതനും സഹിക്കുമോ. പ്രതികാരബുദ്ധിയായി. ബിജെപിക്കാരന്റെ വാര്‍ഡിന് പാലം വേണ്ട. തയ്യാറാക്കിയ പദ്ധതി അവര്‍ മുക്കി. 

അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയമാകാവുന്ന ഈഴക്കടവ് പാലത്തിന് വേണ്ടിയാണ് ഇത്തവണ വോട്ട് എന്ന് അവര്‍ തറപ്പിച്ചു പറയുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കത്തിനെത്തിയ കുമ്മനം രാജശേഖരന് ആദ്യം ലഭിച്ചത് ആ നിവേദനമായിരുന്നു. ഈഴക്കടവ് കടത്തിനടുത്ത്  വെച്ച് സെന്റ് സെബസ്ത്യാനോസ് പള്ളി വികാരി ഫാ. റെജിന്‍സണ്‍ റിച്ചാര്‍ഡാണ് കുമ്മനത്തിന് നിവേദനം നല്‍കിയത്. പദ്ധതി നടത്തിപ്പിനുള്ള തടസ്സങ്ങള്‍ നീങ്ങാന്‍ നാടിന്റെ ആവശ്യം യുക്തിഭദ്രമായി അവതരിപ്പിക്കാന്‍ കഴിയുന്ന #ൊരു ജനപ്രതിനിധി ഉണ്ടാകണം എന്ന് കുമ്മനം അവരെ ഓര്‍മ്മിപ്പിച്ചു. ശ്രീധരന്‍പിള്ളയുടെ വിജയം ഈഴക്കടവിന്റെ ആവശ്യം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.