ഡിവൈഎസ്‌പിയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണം: കൃഷ്ണദാസ്

Friday 11 May 2018 5:11 pm IST

ചെങ്ങന്നൂര്‍: ഫസല്‍വധക്കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. 

ഫസലിന്റെ കൊലക്കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. പ്രതികള്‍ സിപിഎമ്മുകാരാണെന്ന് തിരിച്ചറിയുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. 

കേസില്‍ നിര്‍ണായക മൊഴി നല്‍കിയ രണ്ട് സാക്ഷികളുടെ ദുരൂഹ മരണവും ഡിവൈഎസ്‌പി രാധാകൃഷ്ണന് നേരെയുണ്ടായ വധശ്രമവും അന്വേഷണവിധേയമാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. തന്നെ വധിക്കാന്‍ ശ്രമിച്ചത് സിപിഎമ്മും ഒരുവിഭാഗം പോലീസുകാരുമാണെന്ന രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. 

ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ലക്ഷണമൊത്ത ഒരു ഭീകരസംഘടനയാണ്  സിപിഎമ്മെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.