സജി ചെറിയാന് കോടികളുടെ ഭൂമി; മറച്ചുവച്ച് സത്യവാങ്മൂലം

Friday 11 May 2018 5:46 pm IST
സത്യവാങ്മൂലത്തില്‍ കോടികളുടെ സ്വത്ത് വിവരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മറച്ചുവെച്ചുവെന്ന് പരാതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടികളുടെ സ്വത്ത് വിവരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മറച്ചുവച്ചതായി ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചേര്‍ന്ന് അമ്പലപ്പുഴ താലൂക്കിലും വെണ്‍മണിയിലും വാങ്ങിക്കൂട്ടിയ സ്വത്തുക്കളെപ്പറ്റി വെളിപ്പെടുത്താത്ത സജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും വരണാധികാരി ഏകപക്ഷീയമായി സ്വീകരിച്ചു. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ  എ.കെ. ഷാജി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സജി ചെറിയാന്റെ അനധികൃത സ്വത്തിനെപ്പറ്റിയുള്ള ആരോപണങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ സജി ചെറിയാന്റെ പേരിലുള്ള വസ്തുക്കളുടെ ആധാരവും വരണാധികാരിക്ക് മുന്നില്‍ ഹാജരാക്കി. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ മുഴുവന്‍ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിരവധി ഉത്തരവുകളുള്ളതാണ്.

ആലപ്പുഴ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന സംഘടനയുടെ മറവിലാണ് കോടികളുടെ സ്വത്തുക്കള്‍ സജി ചെറിയാന്‍ വാരിക്കൂട്ടിയതെന്ന് എതിര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഈ സംഘടനയ്‌ക്കെന്ന വ്യാജേന 1.23  കോടി രൂപ മുടക്കി അമ്പലപ്പുഴ താലൂക്കില്‍ വാങ്ങിയ 23 സെന്റ് വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സജി ചെറിയാന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിലാണ്. ഈ സംഘടനയുടെ ഭരണസമിതിയില്‍ 23 പേരുണ്ടെങ്കിലും കോടിയേരി ബാലകൃഷ്ണന്‍  ഇതില്‍ അംഗമല്ല. എന്നിട്ടും കോടിയേരിയുടെ പേരില്‍ വസ്തു വാങ്ങിയതാണ് ദുരൂഹത കൂട്ടുന്നത്. സത്യവാങ്ങ്മൂലത്തില്‍ ആരോപിക്കുന്നു.

വെണ്‍മണി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സജിയുടെയും കോടിയേരിയുടെയും പേരില്‍ കോടികള്‍ വിലമതിക്കുന്ന ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഇതും സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചു. സത്യവാങ്ങ്മൂലത്തില്‍ ഷാജി പറയുന്നു.സജി ചെറിയാന്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 30,84,000 രൂപയുടെ വസ്തു മാത്രമാണ് സ്വന്തം പേരിലുള്ളത്. എന്നാല്‍ മറച്ചു വെച്ച ഭൂമിയുടെ മൂല്യം തന്നെ രണ്ട് കോടിയോളം വരും. വരണാധികാരി സിപിഎം നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍ പറഞ്ഞു. വ്യാജ സത്യവാങ്മൂലം നല്‍കിയ സജി ചെറിയാനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വകുപ്പുകള്‍ ഉണ്ടായിട്ടും അത് ചെയ്യാതിരുന്ന വരാണിധികാരി നിയമത്തെ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വരണാധികാരിക്കെതിരെ കേന്ദ്ര ഒബ്‌സര്‍വര്‍ക്ക് എ.കെ. ഷാജി പരാതി നല്‍കി. എ.കെ. ഷാജിക്കു വേണ്ടി അഡ്വ. സുനിതാ വിനോദ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു വേണ്ടി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. ഹരികൃഷ്ണന്‍ എന്നിവര്‍ സൂക്ഷ്മപരിശോധനയ്ക്ക് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.