ഹൃദയകവാടങ്ങള്‍

Saturday 12 May 2018 2:15 am IST
ദ്വാരപാലകരെ സന്തോഷിപ്പിക്കുന്നത് രാജാവിന്റെ അടുത്തെത്താന്‍ സഹായിക്കുന്നതുപോലെ ഈ ദ്വാരപാല ഉപാസന ബ്രഹ്മപ്രാപ്തിക്ക് സഹായകമാകും. സ്വര്‍ഗപ്രാപ്തിയ്ക്കുള്ള അഞ്ച് കവാടങ്ങള്‍ പ്രാണന്‍ തുടങ്ങിയ ദേവന്മാര്‍ രക്ഷിക്കുന്നതിനാല്‍ ഇവ ദേവദ്വാരങ്ങള്‍ എന്നറിയപ്പെടുന്നു

ഗായത്രി ഉപാസനയുടെ  അംഗമെന്ന നിലയില്‍ ദ്വാരപാല ഉപാസനയെ  പറയുന്നു. ഹൃദയത്തിനു ദേവന്മാര്‍ പാലിക്കുന്ന  വാതിലുകള്‍ (ദ്വാരം) ഉണ്ട്.  കിഴക്കേ കവാടം അത്  കണ്ണാണ്. അത്  ആദിത്യനാണ്. പ്രാണനെന്ന ഈ ബ്രഹ്മത്തെ തേജസ്സ്, അന്നാദ്യം എന്ന് സങ്കല്‍പിച്ച് ഉപാസിക്കണം. ഇങ്ങനെ ഉപാസിക്കുന്നയാള്‍ തേജസ്സുള്ളവനും ധാരാളം ഭക്ഷണം കഴിക്കാനുള്ളവനുമായി മാറും.

 ദ്വാരപാലകരെ സന്തോഷിപ്പിക്കുന്നത് രാജാവിന്റെ അടുത്തെത്താന്‍ സഹായിക്കുന്നതുപോലെ ഈ ദ്വാരപാല ഉപാസന ബ്രഹ്മപ്രാപ്തിക്ക് സഹായകമാകും. സ്വര്‍ഗപ്രാപ്തിയ്ക്കുള്ള അഞ്ച് കവാടങ്ങള്‍ പ്രാണന്‍ തുടങ്ങിയ ദേവന്മാര്‍ രക്ഷിക്കുന്നതിനാല്‍ ഇവ ദേവദ്വാരങ്ങള്‍ എന്നറിയപ്പെടുന്നു.

 നാം കിഴക്കോട്ട് തിരിഞ്ഞിരിക്കുമ്പോള്‍ ഹൃദയത്തിന്റെ കിഴക്കേ കവാടത്തില്‍ പ്രാണനാണുള്ളത്. 'പ്രാക് അനിതി' കിഴക്കോട്ട് പോകുന്നു എന്നാണ് പ്രാണ ശബ്ദത്തിന്റെ അര്‍ത്ഥം. ഈ പ്രാണന്‍ തന്നെയാണ് കണ്ണും സൂര്യനുമായിരിക്കുന്നത്. സൂര്യന്‍ അധിഷ്ഠാതാവായി കണ്ണിലും കണ്ണ് ഗ്രാഹകമായി രൂപത്തിലും രൂപം വാസനാത്മകമായി ഹൃദയത്തിലും കുടികൊള്ളുന്നു. അതുകൊണ്ട് കണ്ണിനേയും സൂര്യനേയും പ്രാണനായി ധ്യാനിക്കണം. ദ്വാരപാലകരുടെ സഹായത്തോടെ പരബ്രഹ്മത്തെ സാക്ഷാത്കരിക്കണം.

 ഹൃദയത്തിന്റെ വലതു കവാടം വ്യാനനാണ്. അതുതന്നെ കാതും ചന്ദ്രനും. ഈ വ്യാനരൂപ ബ്രഹ്മത്തെ ഐശ്വര്യമെന്നും കീര്‍ത്തിയെന്നും സങ്കല്‍പ്പിച്ച് ഉപാസിക്കണം. അങ്ങനെ ഉപാസിക്കുന്നവന്‍ ഐശ്വര്യവും കീര്‍ത്തിയുമുള്ളവനായിത്തീരും. വീര്യമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും പ്രാണ അപാനന്‍മാരെ  വിരോധിക്കുന്നതും പലതരത്തില്‍ സഞ്ചരിക്കുന്നതും വ്യാനന്‍ എന്ന പേരിന് കാരണമായി. വ്യാനവായുവാണ്  ഹൃദയത്തിന്റെ വലതുഭാഗത്ത്. തെക്ക് ഭാഗത്ത് എന്നും പറയാം. ശ്രോത്രേന്ദ്രിയം അതിനോട് ബന്ധപ്പെട്ടതിനാലാണ് കാത് വ്യാനനെന്ന് പറഞ്ഞത്. ചന്ദ്രനെ വിരാടിന്റെ കാത് എന്നു പറയുന്നതിനാല്‍ ചന്ദ്രനും വ്യാനന്‍ തന്നെ.

 ഹൃദയത്തിന്റെ പടിഞ്ഞാറ് കവാടം അപാനനാണ്. അത് വാക്കും അഗ്‌നിയുമാണ്. ഈ അപാന രൂപമായ ബ്രഹ്മത്തെ ബ്രഹ്മവര്‍ച്ചസമെന്നും അന്നാദനെന്നും  ഉപാസിക്കണം. അങ്ങനെ ഉപാസിക്കുന്നയാള്‍ നല്ല തേജസ്സുള്ളവനും നന്നായി ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവനുമാകും.  മലമൂത്രാദികളെ താഴേക്ക് കൊണ്ടുപോകുന്നതിനാലാണ് ഈ വായു അപാനനായത്. സദാചാരവും സ്വാധ്യായവും കൊണ്ട് ഉണ്ടാകുന്ന തേജസ്സാണ് ബ്രഹ്മവര്‍ച്ചസ്സ്.

 അഗ്‌നിഹോത്രത്തിലെ മൂന്നാമത്തെ ആഹുതി  'അപാനായ സ്വാഹ' എന്ന് പറഞ്ഞാണ് ഹോമിക്കുക. അപ്പോള്‍ അപാനന്‍ തൃപ്തനാകും. അപാനന്‍ തൃപ്തനായാല്‍ വാക്കും വാക്ക് തൃപ്തനായാല്‍ അഗ്‌നിയും  തൃപ്തനാകും. ഇതാണ് ഇവ മൂന്നും തമ്മിലുള്ള ബന്ധം. ഹൃദയത്തിന്റെ വടക്കേ കവാടം സമാനനാണ്. അത് മനസ്സും മേഘവുമാണ്. സമാനരൂപമായ ബ്രഹ്മത്തെ കീര്‍ത്തി, ദേഹ കാന്തി എന്നിവ സങ്കല്‍പിച്ച് ഉപാസിക്കണം. ഇങ്ങനെ ഉപാസിക്കുന്നയാള്‍ കീര്‍ത്തിയും ദേഹകാന്തിയുമുള്ളവനാകും.

കുടിക്കുന്നതും കഴിക്കുന്നതും ശരീരത്തിന്റെ എല്ലായിടത്തും സമമായി എത്തിക്കുന്ന വായുവാണ് സമാനന്‍.അഗ്‌നിഹോത്രത്തിലെ നാലാമത്തെ ആഹുതി 'സമാനായ സ്വാഹാ' എന്ന് ഹോമിക്കുമ്പോള്‍  സമാനന്‍ തൃപ്തനാകും. സമാനന്‍ തൃപ്തനാകുമ്പോള്‍ മനസ്സും അതുവഴി പര്‍ജന്യനും ( മേഘം) തൃപ്തനാകും. ഹൃദയത്തിന്റെ മുകളിലേക്കുള്ള വാതില്‍ ഉദാനനാണ്. അത് വായുവും ആകാശവുമാണ്. ഉദാന രൂപമായ ബ്രഹ്മത്തെ ഓജസ്സ്, മഹസ്സ് എന്ന് സങ്കല്‍പ്പിച്ച് ഉപാസിക്കണം. ഇങ്ങനെ ഉപാസിക്കുന്നയാള്‍ ഓജസ്സും മഹസ്സും ഉള്ളവനാകും.

 മേലോട്ട് സഞ്ചരിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ഉദാനന്‍ എന്ന പേര് വന്നത്. ഉള്ളം കാലു മുതല്‍ മുകളിലേക്ക് ഈ വായു സഞ്ചരിക്കുന്നു. ഹൃദയത്തിന്റെ മുകളിലെ ദ്വാരത്തിലിരിക്കുന്നതിനാലും ഉത്കര്‍ഷ കര്‍മ്മം ചെയ്യുന്നതും ഈ പേരിന് കാരണമാണ്. അഞ്ചാമത്തെ ആഹുതി 'ഉദാനായ സ്വാഹാ' എന്ന് ഹോമിക്കുമ്പോള്‍ ഉദാനന്‍ തൃപ്തനാകും. അതുവഴി ത്വക്കും വായുവും തുടര്‍ന്ന് ആകാശവും തൃപ്തരാകും.

 ഇങ്ങനെയുള്ള അഞ്ച്  ബ്രഹ്മപുരുഷന്മാര്‍ സ്വര്‍ഗ്ഗലോകത്തിന്റെ ദ്വാരപാലകരാണ്. ഇവരെ അറിയുന്നയാളുടെ വംശത്തില്‍ വീരനായ പുത്രന്‍ ജനിക്കും. ഉപാസിക്കുന്നവര്‍ സ്വര്‍ഗലോകത്തെത്തും. ഹൃദയത്തില്‍ കുടികൊള്ളുന്ന ബ്രഹ്മത്തിന്റെ അഞ്ച് രക്ഷാ പുരുഷന്മാരാണ് കണ്ണ്, കാത്, വാക്ക്, മനസ്സ് പ്രാണങ്ങള്‍ എന്നിവ. ഇവ ബഹിര്‍മുഖമായാല്‍ ബ്രഹ്മത്തെ അറിയാന്‍ തടസ്സമാകുന്നതും അന്തര്‍മുഖമായാല്‍ സഹായിക്കുന്നതുമാണ്. ദ്വാരപാലകരെ പോലെ ഇവരെ ഉപാസിച്ച് ബ്രഹ്മത്തെ അറിയണം.

 ദ്യു ലോകത്തില്‍ നിന്നും പരമായി എല്ലാറ്റിനും മുകളിലായി അത്യുത്തമങ്ങളും ഉന്നതങ്ങളുമായ ലോകങ്ങളിലെ ജ്യോതിസ്സ് പുരുഷന്റെ ഉള്ളില്‍ പ്രകാശിക്കുന്ന ജ്യോതിസ്സാണ്. തൊട്ടു നോക്കുമ്പോള്‍ ശരീരത്തില്‍ ചൂട് അനുഭവപ്പെടുന്നത് അതിന്റെ ദര്‍ശനമാണ്. രണ്ടു ചെവിയും അടയ്ക്കുമ്പോള്‍ രഥം, കാള, തീ എന്നിവയുടേതായി കേള്‍ക്കുന്ന ശബ്ദം ആ ജ്യോതിസ്സിന്റെതാണ്. ആ ജ്യോതിസ്സിനെ ദൃഷ്ടമെന്നും ശ്രുതമെന്നും  കല്‍പ്പിച്ച്  ഉപാസിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ ദര്‍ശനീയനും വിശ്രുതനുമാകും. പ്രപഞ്ചത്തിന് മുകളില്‍ ദ്യു ലോകത്തിനപ്പുറത്ത് സ്വര്‍ഗത്തില്‍ സ്വയം പ്രകാശിച്ചിരിക്കുന്ന ബ്രഹ്മത്തെ നമ്മുടെ അനുഭൂതിയാക്കലാണ് വേണ്ടത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.