കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിനെ നിര്‍ദ്ദേശിക്കും

Friday 11 May 2018 8:21 pm IST
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു. ഇതിന് ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതിയിലുള്ള കൊളീജിയം അറിയിച്ചു. എന്നാല്‍ ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് മാത്രം വീണ്ടും കേന്ദ്രത്തിലേക്ക് അയക്കണമെന്ന വിമത ജഡ്ജിമാരുടെ ആവശ്യത്തിന്മേല്‍ തീരുമാനമായില്ല. 

ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതികളിലെ മുതിര്‍ന്ന ജഡ്ജിമാരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതു സംബന്ധിച്ച വിഷയവും കൊളീജിയം ചര്‍ച്ച ചെയ്തു. എല്ലാ പേരുകളും ഒരുമിച്ച് പുതിയ ശുപാര്‍ശയായി കേന്ദ്രസര്‍ക്കാരിലേക്ക് അയക്കണമെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. എന്നാല്‍ ഇതിനെ വിമത ജഡ്ജിമാര്‍ എതിര്‍ക്കുകയാണ്. 

പുതിയ ജഡ്ജിമാര്‍ക്കൊപ്പം കെ. എം ജോസഫിന്റെ പേര് പോയാല്‍ ്അത് തികച്ചും പുതിയ അപേക്ഷയായി കണക്കാക്കും. പുനപരിശോധനയ്ക്കായി പേരുകള്‍ തിരിച്ചയക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് വിമത ജഡ്ജിമാര്‍ കരുതുന്നു. ഇതാണ് ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകം അയക്കണമെന്ന നിലപാടിന് കാരണം. എന്നാല്‍ 16ന് ചേരുന്ന അടുത്ത കൊളീജിയത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.