സാങ്കേതിക തകരാറില്‍ തൊഴിലുറപ്പ് പദ്ധതികള്‍ മുടങ്ങി

Saturday 12 May 2018 2:28 am IST
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്ത് തകിടം മറിഞ്ഞു. സാങ്കേതിക തകരാര്‍മൂലം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പദ്ധതികള്‍ ഏറ്റെടുക്കാനായില്ല.

കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്ത് തകിടം മറിഞ്ഞു. സാങ്കേതിക തകരാര്‍മൂലം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പദ്ധതികള്‍ ഏറ്റെടുക്കാനായില്ല. സോഫ്റ്റ്‌വെയര്‍ തകരാര്‍മൂലം പദ്ധതികള്‍ക്ക് സാങ്കേതിക, ഭരണാനുമതികള്‍  നല്‍കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം തൊഴിലാളികള്‍ക്കും പണിയില്ല.

തദ്ദേശവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഓഫീസിലെ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാര്‍ രാജിവെച്ചിരുന്നു. ഇതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇവര്‍ക്ക് പകരം ആളെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി ഏറ്റെടുത്ത് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സോഫ്റ്റ് വെയറിലൂടെയാണ് നടത്തുന്നത്. കേരളത്തില്‍ ഇതിനായി സെക്യൂര്‍ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ് വെയറില്‍ തയ്യാറാക്കുന്ന എസ്റ്റിമേറ്റ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എംഐഎസ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചാലേ ജോലികള്‍ ആരംഭിക്കാനാവൂ. ഇത് ബന്ധിപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതാണ് തിരിച്ചടിയായത്.

കള പറിക്കലും കുളംവെട്ടുമാത്രമായി ഒതുങ്ങാതെ നിര്‍മ്മാണ മേഖലയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡുകളുടെയും വീടുകളുടെയും നിര്‍മ്മാണം വരെ ഏറ്റെടുക്കാന്‍ ഇക്കുറി പഞ്ചായത്തുകള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, സോഫ്റ്റ് വെയര്‍ തകരാറിന് പരിഹാരം കാണാന്‍ ഇതുവരെ കഴിയാത്തതിനാല്‍ എല്ലാപ്രവര്‍ത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. 

സംസ്ഥാനത്ത് 21.52 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പിനെ ആശ്രിയിക്കുന്നത്. വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയായിരുന്നു തൊഴിലുറപ്പിന്റെ ലക്ഷ്യം. പദ്ധതികള്‍ കണ്ടെത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നതുമൂലം വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ 100 തൊഴില്‍ദിനങ്ങള്‍ നല്‍കാനായിട്ടുള്ളൂ. ഇക്കുറി നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്ത് തൊഴില്‍ദിനങ്ങള്‍ കൂട്ടാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിച്ചിരിക്കെയാണ് സാങ്കേതിക പ്രതിസന്ധിയുണ്ടായിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.