കേരള കോണ്‍ഗ്രസില്‍ ഭിന്നത മൂര്‍ച്ഛിച്ചു

Saturday 12 May 2018 2:46 am IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒമ്പതംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയില്‍ കെ.എം. മാണിയും പി.ജെ. ജോസഫും ഉള്‍പ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ടുണ്ട്. സമിതി വിശദമായി പഠിച്ച ശേഷമെ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരെ പിന്തുണയ്ക്കണമെന്ന വിഷയത്തില്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ യോഗത്തില്‍ രൂക്ഷമായ ഭിന്നത നിലനിന്നിരുന്നു. തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. എല്‍ഡിഎഫ് അനുകൂല നിലപാട് എടുക്കാനുള്ള മാണിയുടെ നീക്കത്തെ ജോസഫ് പക്ഷം തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.

ചരല്‍ക്കുന്നിലെ രാഷ്ടീയ തീരുമാനം മാറ്റാനുള്ള സമയമായോ എന്ന് പരിശോധിക്കണമെന്ന നിലപാടിലായിരുന്നു മാണി പക്ഷം. കേരള കോണ്‍ഗ്രസിന് നേരത്തേ ലഭിച്ചത് അനീതി മാത്രമാണ്. അനീതിയോടുള്ള പ്രതിഫലനമാണ് ചരല്‍ക്കുന്നിലെടുത്ത രാഷ്ടീയ തീരുമാനമെന്നും മാണി പക്ഷം വാദിച്ചു. 

എന്നാല്‍ പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന അഭിപ്രായം ചില അംഗങ്ങള്‍ പ്രകടിപ്പിച്ചു. ഇതോടെ യോഗത്തില്‍ രൂക്ഷമായ ഭിന്നത ഉടലെടുക്കുകയും തീരുമാനമെടുക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി പിരിയുകയുമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.