നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി പകല്‍ക്കൊള്ളയെന്ന് ആരോപണം

Saturday 12 May 2018 3:48 am IST

കാസര്‍കോട്: ഇടത് സര്‍ക്കാര്‍ ഭേദഗതി ചെയ്ത കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓഡിനന്‍സ് പകല്‍ക്കൊള്ളയെന്ന ആരോപണമുയരുന്നു. 2017 ഡിസംബര്‍ 30 ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സിലൂടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ മറവില്‍ പകല്‍ക്കൊള്ള നടത്താനാണ് ഇടത് സര്‍ക്കാര്‍ വഴിയൊരുക്കിയത്. 

നേരത്തെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കിയതോടെ നെല്‍കൃഷി നടത്തി വരുന്നതോ നടത്താന്‍ അനുയോജ്യമായതോ ആയ സ്ഥലങ്ങളും, തണ്ണീര്‍തടവും ഉള്‍പ്പെടുത്തി തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിച്ച ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് മാത്രമേ തടസ്സമുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററില്‍ ഭൂമിയുടെ തരം നിലമെന്നോ, പുഞ്ചയെന്നോ, നഞ്ചയെന്നോ ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കില്‍ അതില്‍ നികുതിയടയ്ക്കുന്ന കെട്ടിടങ്ങളുണ്ടെങ്കിലും  പുതുതായി കെട്ടിട നിര്‍മാണം നടത്തുന്നതിന് അനുമതി നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവില്ല. ആര്‍ഡിഒവിന് അപേക്ഷ നല്‍കി ഭൂമിയുടെ സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയുടെ പകുതി പിഴയായി ഒടുക്കി ഭൂമിയുടെ തരം മാറ്റി വാങ്ങിയ ശേഷമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ.

ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കുന്ന ഭൂമിക്ക് മേല്‍ വിനിയോഗ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെങ്കില്‍ തോട്ടങ്ങളെയും, സ്വകാര്യ വനഭൂമിയെയും, വ്യവസായ ഭൂമിയെയും മറ്റും ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതെന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

1964ലെ കേരള ഭൂവിനിയോഗ ഉത്തരവിന്റെ (കേരള ലാന്റ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ 1964) മറപിടിച്ചാണ് ഇടത് സര്‍ക്കാര്‍ പകല്‍ക്കൊള്ളയ്ക്കിറങ്ങിയിരിക്കുന്നത്. എന്നാല്‍ വില്ലേജ് ഓഫീസുകളിലെ രജിസ്റ്ററുകള്‍ ഒന്നും തന്നെ 1964 ലെ കെയുഎല്‍ ഉത്തരവ് പ്രകാരം തയ്യാറാക്കിയവയല്ല. കെയുഎല്‍ ഉത്തരവ് നടപ്പില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ഫലവൃക്ഷങ്ങള്‍ നിറഞ്ഞതും, പാര്‍പ്പിടങ്ങളുള്ളതുമായ നിരവധി സ്ഥലങ്ങള്‍ വില്ലേജ് രേഖകളില്‍ നിലമായോ, നഞ്ചയായോ അടയാളപ്പെടുത്തിയതായി കാണാം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.