ഒറ്റ നമ്പരില്‍ സംസ്ഥാനത്ത് ട്രോമ കെയര്‍ ആംബുലന്‍സ്

Saturday 12 May 2018 2:58 am IST
റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പൊലീസുമായി ചേര്‍ന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം നിലവില്‍ വന്നു

തിരുവനന്തപുരം: റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പൊലീസുമായി ചേര്‍ന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം നിലവില്‍ വന്നു.

 മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. കേരളത്തില്‍ എവിടെ റോഡപകടം ഉണ്ടായാലും ട്രോമ കെയര്‍ സേവനം  ലഭിക്കാന്‍   ഐഎംഎയും പോലീസും ചേര്‍ന്ന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി, ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ നമ്പറില്‍ വിളിച്ചാല്‍ ഉടനടി ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പോലീസിന്റെയും രമേശ് കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു ഐഎംഎ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ചടങ്ങില്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്ന രാമു സര്‍വ്വീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇതിന്റെ ലോഗോ രമേശ് കുമാര്‍ ഫൗണ്ടേഷന്‍ അംഗം ഡോ. ശ്യാമളകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

അപകടസ്ഥലത്തു നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണു കോള്‍ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസും, ഐഎംഎ യും പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ നോണ്‍ ഐസിയു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐസിയു   ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വാടക രോഗിയോ, കൂടെ ഉള്ളവരോ നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്നും തുക നല്‍കും. ചടങ്ങില്‍ എം. മുകേഷ് എംഎല്‍എ, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.