വിവാദങ്ങളോടെ പോലീസ് അസോ.സമ്മേളനത്തിന് തുടക്കം

Saturday 12 May 2018 3:07 am IST
പുഷ്പാര്‍ച്ചനയ്ക്ക് മുമ്പ് സംസാരിച്ച സംസ്ഥാന ജനറല്‍സെക്രട്ടറി 'രക്തസാക്ഷി' എന്ന പദം പോലും പ്രയോഗിച്ചില്ല

കോഴിക്കോട്: ചുവപ്പ് രാഷട്രീയം പടരുന്നുവെന്ന ഇന്റലിജന്റസ് റിപ്പോര്‍ട്ടിന് പിന്നാലെ സമ്മേളനത്തിലെ മുദ്രാവാക്യം വിളി അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശവും കൂടി വന്നതോടെ, വിവാദങ്ങളുടെ പിടിയിലായി വടകരയില്‍ നടക്കുന്ന അസോസിയേഷന്റെ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം. രക്തസാക്ഷി സ്തൂപം ഒഴിവാക്കാതെ നിറം മാറ്റി ഡിജിപിയെ പോലും വെല്ലുവിളിച്ചെങ്കിലും രക്തസാക്ഷി പ്രയോഗവും മുദ്രാവാക്യം വിളിയും ഒഴിവാക്കിയാണ് സമ്മേളനം ആരംഭിച്ചത്.

സിപിഎം സമ്മേളന വേദിയിലേത് പോലെ തയ്യാറാക്കിയ സ്തൂപത്തിന്റെ അടിവശം നീല നിറത്തിലാക്കി. 'പോലീസ് സംഘടനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീര സേനാംഗങ്ങള്‍ക്കും ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവര്‍ക്കും പ്രണാമം' എന്ന് എഴുതിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു പതാക ഉയര്‍ത്തിയപ്പോള്‍ മുംബൈയിലും പാട്യാലയിലും മരണപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള മുദ്രാവാക്യം മാത്രമാണ് ഉയര്‍ന്നത്. തുടര്‍ന്ന്  നിശ്ചയിച്ചിരുന്ന രക്തസാക്ഷി അനുസ്മരണം ഒര്‍മ്മപുതുക്കല്‍ മാത്രമാക്കി. പുഷ്പാര്‍ച്ചനയ്ക്ക് മുമ്പ് സംസാരിച്ച സംസ്ഥാന ജനറല്‍സെക്രട്ടറി 'രക്തസാക്ഷി' എന്ന പദം പോലും പ്രയോഗിച്ചില്ല. പകരം മരണപ്പെട്ടവരുടെ സ്മരണ പുതുക്കി ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ച് സമ്മേളനം ആരംഭിച്ചു. വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജി. അനില്‍കുമാര്‍ വ്യക്തമാക്കിയത്. 

സമ്മേളനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന് രാഷ്ട്രീയം വേണ്ടെന്നും സമൂഹത്തോടുള്ള ബാധ്യതയും  ജനാധിപത്യത്തിന് അനുസരിച്ചുള്ള മര്യാദകളും പാലിച്ചുവേണം സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടതെന്നും മന്ത്രി നിശിതമായി വിമര്‍ശിച്ചു.  തുടര്‍ന്ന് നടന്ന യാത്ര അയപ്പ് സമ്മേളനവും വിവാദമായി. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു അധ്യക്ഷനായി. സി.കെ.നാണു എംഎല്‍എ, കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, കെപിഒഎ സംസ്ഥാന പ്രസിഡന്റ് വി.ഷാജി, പി.ജി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ വിരമിക്കുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ആണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ഇത്തവണ ജോലിക്കയറ്റം ലഭിച്ച് ഓഫീസേഴ്‌സ് അസോസിയേഷനിലേക്ക് പോയവര്‍ക്ക് മാത്രമാക്കി. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നു. സംഘടനയ്ക്ക് വേണ്ടി ആരും ജീവത്യാഗം ചെയ്തിട്ടില്ലെന്നും സംഘടനയ്ക്ക് വേണ്ടി മരിച്ചവരെ ജീവത്യാഗികളും സേനയ്ക്ക് വേണ്ടി മരിച്ചവരെ ജീവന്‍ വെടിഞ്ഞവരുമാക്കി സ്തൂപത്തില്‍ എഴുതിവച്ച് പോലീസ് സേനയെ അപമാനിച്ചെന്നും പോലീസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.