പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Saturday 12 May 2018 2:13 am IST

തിരുവനന്തപുരം: മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കുമുള്ള  പത്മരാജന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്‍. പ്രഭാകരന്റെ കൂളിപാതാളം ആണ് മികച്ച ചെറുകഥ.  ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ തിരക്കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്ത മായാനദിയാണ് മികച്ച സിനിമ. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാന്മാരായ കെ.ആര്‍. മീരയും അഡ്വ. രാമചന്ദ്രബാബുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് ചെറുകഥയ്ക്കുള്ള പുരസ്‌കാരം. കെ.ആര്‍. മീര ചെയര്‍പേഴ്ണനും ജി ആര്‍ ഇന്ദുഗോപന്‍, അഡ്വ. ബി ബാബു പ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള വിധിനിര്‍ണ്ണയ സമിതിയാണ് കൂളിപാതാളത്തെ തെരഞ്ഞെടുത്തത്.  മികച്ച സിനിമയുടെ സംവിധായകന് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരക്കഥാകൃത്തിന് പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരവും ലഭിക്കും. സംവിധായകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ബൈജു ചന്ദ്രന്‍, ജലജ എന്നിവര്‍ അംഗങ്ങളായുള്ള വിധിനിര്‍ണ്ണയ സമിതിയാണ് മികച്ച സിനിമയായി മായാനദിയെ തെരഞ്ഞെടുത്തത്. 

23 ന് 6.45 ന് തിരുവനന്തപുരം തൈക്കാട് ഗണേശം ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മായാനദി പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ജൂറി അംഗങ്ങള്‍, അഡ്വ. ബാബു പ്രസാദ്, പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ശരച്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.