ഇസ്ലാമികതയെ ഫ്രാന്‍സ് പേടിക്കുന്നതെന്തിന്?

Saturday 12 May 2018 3:29 am IST
ഖുറാന്‍ വചനങ്ങളില്‍ ചിലത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ മുന്നൂറിലേറെ പ്രമുഖര്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. മുന്‍ പ്രസിഡന്റ് സര്‍കോസി, മുന്‍ പ്രധാന മന്ത്രിമാര്‍, നിലവിലെ എംപി മാര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവെച്ചു. രാജ്യത്ത്, ഇസ്ലാമികതയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഈ കത്തിന്റെ പശ്ചാത്തലത്തില്‍, ഫ്രാന്‍സിലെ ഇസ്ലാമിക വളര്‍ച്ചയും രാഷ്ട്രീയവും വിശകലനം ചെയ്യുന്നു.

'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാന്‍സിന്റെ മുഖമുദ്ര'- 2016 ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാന്ദ് പറഞ്ഞ വിവാദ പ്രസ്താവനയാണിത്. രാഷ്ട്രീയമായും വംശീയമായും ഒലാന്ദിനെതിരെ ഏറ്റവുമധികം ആക്രമണം നടന്നതും ഈ പ്രസ്താവനയ്ക്ക് ശേഷമാണ്. എന്നാല്‍ ഇന്ന് ഫ്രഞ്ച് ജനത ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ്. അതിന്റെ ബഹിര്‍സ്ഫുരണമാണ് നാനാജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ-സാമൂഹിക-ഇടത്-വലത് നേതാക്കളുമായ ചിന്തകരും ചേര്‍ന്ന് ഒറ്റ സ്വരത്തില്‍ ഇസ്ലാം മതത്തിനോട് നിലയ്ക്ക് നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്.

ഫ്രഞ്ച് കോളനികളായ അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഫ്രാന്‍സിലെ ഇസ്ലാം വിശ്വാസികളിലധികവും. ഇത് കൂടാതെ പത്താംനൂറ്റാണ്ടില്‍ നടന്ന അധിനിവേശത്തിലൂടെ ഫ്രാന്‍സിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഫ്രാന്‍സിന്റെ മുസ്ലീം പ്രശ്നം ഉടലെടുക്കുന്നത് എണ്‍പതുകള്‍ മുതലാണ്.

ശീതസമരകാലത്ത് അമേരിക്കയോടൊപ്പം നിന്നെങ്കിലും ശേഷം നവസാമ്രാജ്യത്വത്തില്‍ ഫ്രാന്‍സിന് താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ, ഇസ്ലാമിക ജീവിതരീതി ഫ്രാന്‍സില്‍ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഏതുമതവിഭാഗമാണെങ്കിലും ഫ്രാന്‍സിന്റെ സാംസ്‌കാരിക പാരമ്പര്യം മുറുകെ പിടിക്കണമെന്നത് അവരുടെ നിര്‍ബന്ധമാണ്. വളരെ ഉദാരമായ സാമൂഹ്യക്രമമാണ് ഫ്രാന്‍സിന്റെ മുഖമുദ്ര. 1968 ലെ സാംസ്‌കാരിക വിപ്ലവം ജീവിതത്തെ ഗുണപരമായി മാറ്റിയെന്ന് വിശ്വസിക്കുന്നവരാണ് ഫ്രഞ്ച് ജനത.

എന്നാല്‍, ഇസ്ലാമിക മാമൂലുകളും  തീട്ടൂരങ്ങളും ഫ്രാന്‍സിന്റെ സാമൂഹിക ക്രമത്തെ തകിടം മറിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാല്‍ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീം കുടുംബങ്ങള്‍ ഭീമമായ ഫീസ് നല്‍കിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോള്‍ അവര്‍ കളത്തിനു വെളിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയി. 1989ല്‍ പൊതുവിദ്യാലയത്തില്‍ കുട്ടികളെ തട്ടം ധരിപ്പിച്ച് അയക്കാന്‍ തുടങ്ങി. സ്‌കൂള്‍ മേധാവികള്‍ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലീം സമൂഹം ഇതിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. 

അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാന്‍സിലെ ഴാക് സിറാക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതോ, പ്രദര്‍ശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. തട്ടം, കുരിശ്, ജൂതത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതല്‍ ഇസ്ലാമിക തീവ്രവാദത്തിന് ഫ്രാന്‍സ് പാത്രീഭവിച്ചു തുടങ്ങി. ഇറാഖില്‍ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേര്‍ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.

ഫ്രാന്‍സിലെ ബീച്ചുകളില്‍ കുളിക്കാന്‍ പോകുന്ന മുസ്ലീം സ്ത്രീ ബുര്‍ഖിനി എന്ന വസ്ത്രം ധരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സ്വാഭാവിക ഫ്രഞ്ച് സ്വത്വത്തില്‍ നിന്നും അകന്നു കൊണ്ടുള്ള ഈ പരീക്ഷണം അവിടുത്തെ ഭരണകൂടം അംഗീകരിച്ചില്ല. ബുര്‍ഖിനി ഫ്രാന്‍സില്‍ നിരോധിക്കുകയും ചെയ്തു. അതിന്റെ പേരില്‍ പല നവലിബറല്‍ സമൂഹങ്ങളും ഫ്രാന്‍സിനെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി.

എന്താണ് പരമ്പരാഗത ഫ്രഞ്ച് മുസ്ലീം ജനതയെ ഉള്‍പ്പെടെ പരിഭ്രാന്തിയിലാക്കുന്ന തരത്തിലേക്ക് സ്ഥിതികള്‍ എത്തിയതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഇസ്ലാമിന്റെ സാംസ്‌കാരിക അധിനിവേശം എവിടെയും നടപ്പാക്കുന്നത് ജനസംഖ്യയിലൂടെയാണ്. അതു തന്നെ ഫ്രാന്‍സിലും സംഭവിച്ചു. അഭയാര്‍ത്ഥികളായി വന്നവര്‍ പെറ്റുപെരുകി. ഇന്ന് ഫ്രാന്‍സില്‍ ഓരോ എട്ടു പേരിലും ഒരു മുസ്ലീമുണ്ടെന്നാണ് കണക്ക്. ഒരു മുസ്ലീം കുടുംബത്തിലെ ജനന നിരക്ക് മൂന്നു മുതല്‍ നാലുവരെയാണെങ്കില്‍ സാധാരണ കുടുംബത്തിനത് 1.47 ആണ്. ഇത്തരത്തില്‍ ജനസംഖ്യാനിരക്കില്‍ മാറ്റം വരുത്തിയാണ് അവര്‍ ഫ്രാന്‍സിലും അധീശത്വം സ്ഥാപിച്ചു തുടങ്ങിയത്.

ഫ്രാന്‍സിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാള്‍സ് ഗാവെയുടെ ഗവേഷണഫലങ്ങള്‍ രാജ്യത്ത് ഗുരുതരമായ ചലനങ്ങളാണ് ഉണ്ടാക്കിയത്. 2057 ആകുമ്പോഴേക്കും ഫ്രാന്‍സ് മുസ്ലീം ഭൂരിപക്ഷ രാജ്യമാകുമെന്നാണ് അദ്ദേഹം കാര്യകാരണ സഹിതം വിവരിക്കുന്നത്. നിലവില്‍ ആകെ ജനസംഖ്യയുടെ പത്തു ശതമാനം മുസ്ലീങ്ങളാണ്. കേവലം നാല്‍പത് വര്‍ഷത്തിനുള്ളില്‍ അവര്‍ ഭൂരിപക്ഷമാകുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് വാഷിംഗ്ടണ്‍ ടൈംസ് 2017 ല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാവെയുടെ കണക്കുകള്‍ പലതും പെരുപ്പിച്ചു കാണിക്കുന്നതാണെങ്കിലും യാഥാര്‍ത്ഥ്യം അകലെയല്ലെന്നാണ് ഫ്രാന്‍സിലെ വലിയൊരു വിഭാഗം കണക്കാക്കുന്നത്.

ഫ്രഞ്ച് സംസ്‌കാരത്തിനനുസരിച്ച് ജീവിക്കുന്ന മുസ്ലീം സമൂഹവും തീവ്രതയോടെയുള്ള ഈ മാറ്റത്തെ വെല്ലുവിളിക്കുകയാണ്. മുസ്ലീം മതത്തിലും ഖുറാനിലും മാറ്റങ്ങള്‍ വേണമെന്ന തുറന്ന കത്ത് പ്രസിദ്ധീകരിച്ച 100 പേരില്‍ ഏഴു പേര്‍ മുസ്ലീങ്ങളാണ്. നിവേദനം എഴുതി തയ്യാറാക്കിയത് ഫൗസിയ സുവാരിയാണ്.

പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധം മൂലമുള്ള കുടിയേറ്റമാണ് ഫ്രാന്‍സിന്റെ മതേതര മുഖത്തെ തകര്‍ക്കുന്ന പ്രശ്നം. ഇന്ന് ഫ്രഞ്ച് ജനത പേടിക്കുന്ന ഇസ്ലാമിക അധിനിവേശത്തിന്റെ പ്രധാന കാരണവും ഈ കുടിയേറ്റം തന്നെ. ഫ്രാന്‍സിന്റെ കുടിയേറ്റനയം ജൂതന്മാരുടെ പലായനം പരിഗണിച്ചുണ്ടാക്കിയതാണ്. അതിന്റെ തണലിലാണ് ഇസ്ലാമിക സമൂഹം ഫ്രാന്‍സിലേക്കെത്താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ സംശയിക്കുന്നു. അതിനാല്‍ ഏതാണ്ട് മൂന്നര ലക്ഷം അനധികൃത കുടിയേറ്റക്കാരാണ് ഫ്രഞ്ച് പൗരത്വത്തിനായി കാത്തിരിക്കുന്നത്.

ഫ്രാന്‍സിലെ പരമ്പരാഗത മുസ്ലീം ജനതയെക്കൂടി കര്‍ശനമായ മതനിയമത്തിന്റെ പിടിയില്‍ കൊണ്ടു വരാനാണ് നവ കുടിയേറ്റക്കാര്‍ ശ്രമിക്കുന്നത്. അതിനായി ബലപ്രയോഗമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ഫ്രാന്‍സില്‍ പതിവാണ്. മറ്റ് മതങ്ങളോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊളിച്ചെഴുതണമെന്നാണ് നിവേദനത്തില്‍ ഒപ്പിട്ട എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. 

ഫ്രഞ്ച് ഫ്രാക്ചേഴ്സ് 2017 എന്ന സര്‍വേയില്‍ രാജ്യത്തെ 60% പേരും മുസ്ലീം മതം ഫ്രാന്‍സിന്റെ സാമൂഹിക ക്രമത്തില്‍ ഒത്തു പോകില്ലെന്നു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലും മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്ലീം സമൂഹം ശ്രമിക്കുന്നുവെന്ന 78% ഫ്രഞ്ച് ജനത കരുതുന്നുണ്ട്. മുസ്ലീം മതത്തിന്റെ പ്രധാന സന്ദേശം അക്രമമല്ലെങ്കിലും അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും വിത്തുകളാണ് ആ മതം പാകുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 46% പറയുന്നു. 

ഫ്രാന്‍സില്‍ നിന്നുയര്‍ന്ന ശബ്ദം ഒരു തുടക്കം മാത്രമാണെന്ന് വിദേശരംഗം നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാക്കാം. ബെല്‍ജിയം, സ്വീഡന്‍, ചെക്റിപ്പബ്ലിക്, തുടങ്ങിയ പല രാജ്യങ്ങളിലും ഇതേ പ്രശ്നം തല പൊക്കുന്നുണ്ട്. ഈ പ്രതിഭാസത്തിന് പെട്ടന്നുള്ള പ്രചോദനം കുടിയേറ്റമാണെന്നതില്‍ തര്‍ക്കമില്ല. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമോഫോബിയ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. ലോകക്രമത്തെ തന്നെ കീഴ്മേല്‍ മറിച്ച വിപ്ലവങ്ങളുടെ പാരമ്പര്യമാണ് ഫ്രഞ്ച് ജനതയ്ക്കുള്ളത്. ഫ്രഞ്ച് വിപ്ലവവും നെയ്തെടുത്തത് ഫ്രാന്‍സിലെ ബൗദ്ധിക സമൂഹമായിരുന്നു. രാഷ്ട്രീയവും മതപരവുമായ അഭിപ്രായ വ്യത്യാസവും മറന്നു കൊണ്ട് ഫ്രാന്‍സിലെ ജനങ്ങള്‍ ഒത്തൊരുമിച്ചത് മാനവികതയെ വെല്ലുവിളിക്കുന്ന പ്രശ്നമായി ഇതിനെ കണ്ടു കൊണ്ടാണ്. തീര്‍ച്ചയായും ഭാരതം ഏറെ ശ്രദ്ധിക്കേണ്ട സംഭവവികാസങ്ങളാണ് ഫ്രാന്‍സ് കാട്ടിത്തരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.