വരൂ,ഞങ്ങളുടെ വീടുകളില്‍ താമസിക്കാം

Saturday 12 May 2018 3:52 am IST
ആശങ്കകളില്ലാതെ വന്നോളൂ, വീടുകളുടെ വാതില്‍ നിങ്ങള്‍ക്കായ് ഞങ്ങള്‍ തുറന്നിടും...യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലെ ജനങ്ങളുടെ ഈ വാക്കുകള്‍ ആശ്വാസമായത് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിന്റെ ആരാധകര്‍ക്കാണ്

കീവ്: ആശങ്കകളില്ലാതെ വന്നോളൂ, വീടുകളുടെ വാതില്‍ നിങ്ങള്‍ക്കായ് ഞങ്ങള്‍ തുറന്നിടും...യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലെ ജനങ്ങളുടെ ഈ വാക്കുകള്‍ ആശ്വാസമായത് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിന്റെ ആരാധകര്‍ക്കാണ്. സ്വെന്തം ടീം ചാപ്യന്‍സ് ട്രോഫി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മെയ് 26നാണ് ഫൈനല്‍. 

 ലോകത്തിലെ ഏറ്റവും ആവേശഭരിതര്‍ എന്നാണ് ലിവര്‍പൂളിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. ഏതു നഗരത്തെയും ചുവപ്പണിയിക്കും അവര്‍.

എല്ലം ശരി. ആ ആരാധകര്‍ക്ക് നല്ല പണിയാണ് കീവിലെ ഹോട്ടലുകാര്‍ കൊടുത്തത്. ഏറിയാല്‍ അഞ്ഞൂറു പൗണ്ട് വാടക വരുന്ന മുറികള്‍ക്ക് മൂവായിരം പൗണ്ട് വരെ ദിവസ വാടക നിശ്ചയിച്ച് ലാഭം കൊയ്യാന്‍ ഹോട്ടലുകാര്‍ ശ്രമിച്ചപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ രോഷാകുലരായി. സ്വന്തം ടീം ഫൈനലില്‍ എത്തുമെന്നുറപ്പിച്ച് വളരെ നേരത്തേ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് ഹോട്ടലുകളില്‍ നിന്ന് അറിയിപ്പു വന്നു, മുറിയില്‍ വൈദ്യുതി പ്രശ്‌നമുണ്ട്, ടാപ്പില്‍ വെള്ളമില്ല, സോറി, ബുക്കിങ്ങ് റദ്ദാക്കിയിരിക്കുന്നു. അതേ ഹോട്ടലുകാര്‍ തന്നെ അതേ മുറികള്‍ അഞ്ചിരട്ടി കൂടുതല്‍ വാടകയ്ക്ക് ലഭ്യമാണെന്ന് അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് അരിശം കയറിയത്. ചിലര്‍ രോഷവും നിരാശയും സങ്കടവും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചപ്പോഴാണ് കീവിലെ നാട്ടുകാര്‍ രംഗത്തു വന്നത്. സ്വന്തം നാട്ടിലെ ഹോട്ടലുകാരുടെ അത്യാഗ്രഹത്തിന് അവര്‍ പ്രായശ്ചിത്തം ചെയ്തു. 

കീവിലെത്തുന്ന ലിവര്‍പൂളിന്റെ ആരാധകര്‍ക്ക് തങ്ങളുടെ വീടുകളില്‍ സൗജന്യമായി താമസിക്കാന്‍ മുറികള്‍ നല്‍കുമെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. അതിനായി ഒരു ഫേസ്ബുക് പേജുതന്നെ ആരംഭിക്കുകയും ചെയ്തു. ലിവര്‍പൂള്‍ ആരാധകരെ സ്വാഗതം ചെയ്ത് ചിലര്‍ വീട്ടിലെ മുറികളുടെ ചിത്രങ്ങളും ഈ പേജില്‍ നല്‍കിയിട്ടുണ്ട്. 

കീവ് സ്വദേശികള്‍ക്ക് നന്ദി അറിയിച്ച് ലിവര്‍പൂളിന്റെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നു. ഫുട്‌ബോളിന്റെ ചെറിയ വ്യാസത്തില്‍ ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ സ്‌നേഹത്തിന്റെ വലിയ ലോകങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് കീവില്‍ ദൃശ്യമാവുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.