പന്തില്ലാതെ എന്ത് കളി? ആരാധകര്‍ക്ക് രോഷം

Saturday 12 May 2018 3:56 am IST

ന്യൂദല്‍ഹി: ഋഷഭിനെ ഒഴിവാക്കിയവര്‍ക്ക് ഇപ്പോള്‍ എന്തു പറയാനുണ്ട്, ആരാധകര്‍ രോഷാകുലരാവുന്നു. ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കമുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാര്‍ക്ക് ഋഷഭ് നല്‍കിയ തകര്‍പ്പന്‍ മറുപടിയാണ് ഐപിഎല്‍ സെഞ്ച്വറി.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 63 പന്തുകളില്‍ നിന്ന് 128 റണ്‍സുമായി പുറത്താവാതെ നിന്നു ഋഷഭ്.ദല്‍ഹി തോറ്റു, എന്നിട്ടും ആരാധകര്‍ ഋഷഭിനായി അണിനിരന്നു. 

അയര്‍ലണ്ടില്‍ രണ്ട് ട്വന്റി 20. ഇംഗ്ലണ്ടില്‍ മൂന്നു ട്വന്റി 20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റുകള്‍...ഇതിനുള്ള ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ധോണിക്കു പകരക്കാരനായി ട്വന്റി 20, ഏകദിന ടീമുകളില്‍ ഋഷഭ് എത്തും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നിട്ടും ഋഷഭിനെ തഴഞ്ഞു. കഴിഞ്ഞ ദിവസത്തെ സെഞ്ച്വറിക്കു ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും സെലക്ടര്‍ക്ക് രൂക്ഷവിമര്‍ശനമായിരുന്നു. 

രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന പരിഗണന കിട്ടിയത് ദിനേശ് കാര്‍ത്തിക്കിനായിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ ദല്ഡഹിയുടെ ഈ ഇരുപതുകാരനെ വിളിക്കും എന്നു കരുതി, എന്നാല്‍ ഉള്‍പ്പെടുത്തിയത് സുരേഷ് റെയ്‌നയേയും മനീഷ് പാണ്‌ഡെയേയും. 

ഋഷഭിന്റെ സെഞ്ച്വറി സെലക്ടര്‍മാരുടെ മുഖത്തേറ്റ അടി എന്നാണ് ധൈര്യ ജോഷി എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തത്. പന്തിനു മുന്നില്‍ നമിക്കൂ എന്നു സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. നിലവിലെ ഏറ്റവും മികച്ച ടി 20 താരത്തെ എന്തുകൊണ്ട് തഴഞ്ഞു എന്നു ചോദിക്കുന്നു സയിന്‍ രാജ്പുത്ത്. ഋഷഭിന്റെ ഫോം കാണാതെ പോയ സെലക്ടര്‍മാരെ വിഡ്ഢികള്‍ എന്നു വിളിക്കുന്നു വസീം അക്രം എന്ന ദല്‍ഹി ആരാധകന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.