വൈലോപ്പിള്ളി മനംനൊന്ത് മരിക്കുമായിരുന്നു: എം.ലീലാവതി

Saturday 12 May 2018 2:00 am IST
വിശപ്പടക്കാന്‍ അരി മോഷ്ടിച്ചതിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊന്ന ഇന്നത്തെ കേരളത്തില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജീവിച്ചിരുന്നുവെങ്കില്‍ മനംനൊന്ത് മരിക്കുമായിരുന്നുവെന്ന് ഡോ.എം.ലീലാവതി.

തൃശൂര്‍: വിശപ്പടക്കാന്‍ അരി മോഷ്ടിച്ചതിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊന്ന ഇന്നത്തെ കേരളത്തില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍  ജീവിച്ചിരുന്നുവെങ്കില്‍ മനംനൊന്ത് മരിക്കുമായിരുന്നുവെന്ന് ഡോ.എം.ലീലാവതി. സാഹിത്യ അക്കാദമി ഹാളില്‍ വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ജയന്തി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. 

ആദിവാസികളുടേയും അടിസ്ഥാന വര്‍ഗ്ഗത്തിന്റേയും ദു:ഖങ്ങളും യാതനകളും ആവിഷ്‌കരിച്ച കവിയായിരുന്നു വൈലോപ്പിള്ളി. കുടിയൊഴിക്കല്‍,സഹ്യന്റെ മകന്‍ എന്നിവയെല്ലാം അതിന് ലളിതമായ ഉദാഹരണങ്ങളാണ്. ആദിവാസി ക്ഷേമത്തിനു വേണ്ടി കോടികള്‍ ചെലവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ തെല്ലും മാറിയിട്ടില്ല. ഈ പണമെല്ലാം ചെന്നെത്തപ്പെട്ടത്് പണമുള്ളവന്റെ കൈകളിലേക്ക് തന്നെയാണെന്നും അവര്‍ പറഞ്ഞു. 

കവിതയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി അരുമപ്പെട്ട പലതും ആഹുതി ചെയ്ത കവിയാണ് വൈലോപ്പിള്ളി. കതിരല്ലാതെ പതിരായിട്ടൊന്നും വൈലോപ്പിള്ളി കവിതകളില്‍ കാണാനാവില്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു.

വൈലോപ്പിള്ളിയുടെ 107-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വൈലോപ്പിള്ളി സ്മാരക സമിതി പ്രസിഡന്റ് സി.പി.രാജശേഖരന്‍ ഉപഹാരം സമര്‍പ്പിച്ചു. ഡോ.എം.തോമസ്മാത്യു സ്മാരക പ്രഭാഷണം നടത്തി. സമിതിയുടെ മുന്‍ സെക്രട്ടറി സി. ഉണ്ണികൃഷ്ണമേനോനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി കടാങ്ങോട് പ്രഭാകര മേനോന്‍, ശ്രീദേവി അമ്പലപുരം, വി.മാധവിക്കുട്ടി, ടി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.