ഫസല്‍ വധക്കേസ്: അന്വേഷണം മുക്കാന്‍ കോടിയേരി ഉത്തരവിട്ടു

Saturday 12 May 2018 4:08 am IST
കണ്ണൂരില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസില്‍ സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതായി മുന്‍ ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍

കൊച്ചി: കണ്ണൂരില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ  വധിച്ച കേസില്‍   സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതായി മുന്‍ ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ പഞ്ചാര ശിനിലിന്റെയും വത്സരാജ കുറുപ്പിന്റെയും മരണത്തിന് പിന്നിലും സിപിഎമ്മാണെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 

കേസില്‍ അറസ്റ്റിലായ കൊടി സുനിയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് നിര്‍ണ്ണായക വിവരം ലഭിച്ചതായി സിപിഎം നേതൃത്വത്തിന്് മനസിലായി. കൊടി സുനി നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാനൊരുങ്ങുമ്പോഴാണ് കോടിയേരി നേരിട്ട് വിളിപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കാരായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു കൊടി സുനി നല്‍കിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ അന്വേഷണം പുരോഗമിച്ചാല്‍ സിപിഎം കുടുങ്ങുമെന്ന് കോടിയേരിക്ക് ഉറപ്പായതിനാലാണ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്നും രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. 

ചോദ്യം ചെയ്യലിനിടെ പുലര്‍ച്ചെയാണ് കൊടി സുനി നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കകം രാവിലെ ഒന്‍പതോടെ കോടിയേരി, തന്നെ കേസന്വേഷണത്തില്‍ നിന്നൊഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.  പിന്നീട്, പോലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. ഒന്നര വര്‍ഷത്തോളം പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ കള്ളക്കേസുണ്ടാക്കി തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 

ഫസല്‍ വധക്കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടു പേരുടെ കൊലയ്ക്ക് പിന്നിലും സിപിഎമ്മാണ്. പഞ്ചാര ശിനിലിനെ കൊന്ന് റെയില്‍വെ ട്രാക്കിലിട്ടതാണ്. പഞ്ചാര ശിനിലിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. വത്സരാജ കുറുപ്പിനെയും സിപിഎമ്മുകാരാണ് കൊലപ്പെടുത്തിയത്. എന്നിട്ട്, കൊലപാതകക്കുറ്റം ബ്ലേഡ് മാഫിയാ സംഘത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നു. ബ്ലേഡ് മാഫിയാ സംഘവും വത്സരാജ് കുറുപ്പുമായി തര്‍ക്കമുണ്ടായപ്പോള്‍, സിപിഎം ഏര്‍പ്പാടാക്കിയവര്‍ എത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫസല്‍ വധക്കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടച്ചുമതല വഹിച്ച കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

തലശ്ശേരി ജെ ടി റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചയാണ് ഫസല്‍ കൊല്ലപ്പെടുന്നത്. 15 ദിവസത്തെ അന്വേഷണത്തിനിടെയാണ് രാധാകൃഷ്ണന്‍ സിപിഎമ്മിന്റെ പങ്ക് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാലിക്കായിരുന്നു അന്വേഷണച്ചുമതല. ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ് ഫസലിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2012 ജൂണില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം നേതാക്കളായ  കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതിപ്പട്ടികയിലെത്തി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

കൊന്നാലും സത്യം പറയും: രാധാകൃഷ്ണന്‍

കൊച്ചി: തന്നെ കൊന്നാലും സത്യം പറയുമെന്നും മരിക്കാന്‍ ഭയമില്ലെന്നും മുന്‍ ഡിവൈഎസ്പി കെ. രാധാകൃഷ്ണന്‍. സത്യം എവിടെ പറയാനും താന്‍ തയ്യാറാണ്. താന്‍ അന്വേഷിച്ച 761 പേജുള്ള കേസ് ഡയറിയില്‍ എല്ലാമുണ്ട്. തന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ അവര്‍ കൊല്ലാന്‍ ആളെ ഏര്‍പ്പാട് ചെയ്തുകാണും. 

കേസന്വേഷണം സിപിഎമ്മിലേക്ക് നീണ്ടതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തനിക്ക് ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായിട്ടും നിയമനം നല്‍കിയിട്ടില്ല. ശമ്പളവുമില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ നിയമയുദ്ധം തുടരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.