ദരിദ്രകുടുംബത്തിനുള്ള ഭൂമിയും മറിച്ചുവിറ്റു; കര്‍ദ്ദിനാള്‍ വീണ്ടും വിവാദത്തില്‍

Sunday 13 May 2018 2:37 am IST

കൊച്ചി: പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച ഭൂമിയും വീടും 22.5 ലക്ഷം രൂപയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബന്ധുവിന് മറിച്ചുവിറ്റതായി ആരോപണം. ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സിയാണ് കര്‍ദ്ദിനാളിനെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഭൂമി വിറ്റതിന്റെ രേഖകളും സംഘടന പുറത്തുവിട്ടു. ഇതോടെ, അന്വേഷണം വേണമെന്ന് പുരോഹിതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി വില്‍പ്പനയിലൂടെ ലഭിച്ച പണം അതിരൂപതയിലെ അക്കൗണ്ടിലെത്തിയില്ലെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കാക്കനാടുണ്ടായിരുന്ന ആറു സെന്റ് സ്ഥലവും വീടുമാണ് കര്‍ദ്ദിനാളിന്റെ ഒരു ബന്ധുവിന് മറിച്ചുവിറ്റത്. ഇടപാടിനായി അതിരൂപതയുടെ പാന്‍കാര്‍ഡാണ് ഉപയോഗിച്ചെങ്കിലും  പണം അതിരൂപതയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.  2016 സെപ്തംബറിലാണ് വില്‍പ്പന നടന്നതെന്നാണ് രേഖകള്‍. നിര്‍ദ്ധന കുടുംബത്തിനുള്ള ഭൂമിയും ബന്ധുവിന് മറിച്ചുവിറ്റതിലൂടെ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും കളങ്കമായ കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം.

കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ നീക്കം നടത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഭൂമി ആവശ്യപ്പെട്ടെത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പിന്നില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണെന്നാണ് ഒരുവിഭാഗം ക്രൈസ്തവ പുരോഹിതര്‍ ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ ഭൂമി വില്‍പ്പന വിവാദം.  കോടികള്‍ വിലമതിക്കുന്ന ഭൂമി വില്‍പ്പന നടത്തിയിട്ടും കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് അതിരൂപത. വിറ്റുകിട്ടുന്ന പണം അതിരൂപതയുടെ അക്കൗണ്ടുകളിലേക്ക് പോകാത്തത് തന്നെ കാരണം. കര്‍ദ്ദിനാളിന് കള്ളപ്പണമിടപാടുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിരൂപതയുടെ ഒരു തുണ്ട് ഭൂമി പോലും വില്‍പ്പന നടത്താന്‍ ഇനി അനുവദിക്കില്ലെന്ന് വിശ്വാസികളും വ്യക്തമാക്കിയിട്ടുണ്ട്. 

വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത പുരോഹിത സമിതിയ്‌ക്കെതിരെയും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുരോഹിത സമിതിയുടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് അവര്‍ സിനഡിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാതിക്കു പിന്നില്‍ അതിരൂപതയുടെ കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുന്നവരും കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരുമാണെന്ന് പുരോഹിതര്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.