വന്‍ പ്രഹരശേഷിയോടെ അഗ്നി 5 സൈന്യത്തിന്

Sunday 13 May 2018 2:47 am IST

ന്യൂദല്‍ഹി: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍, അഗ്നി 5 സൈന്യത്തിനു നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സൈന്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന കമാന്‍ഡിന്(എസ്എഫ്‌സി)ക്കു അഗ്നി 5 കൈമാറുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവാണ് അറിയിച്ചത്.

ചൈന മുതല്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ കടന്ന് ആഫ്രിക്ക വരെ ആക്രമണ പരിധിയുള്ള മിസൈലാണ് അഗ്നി 5. അയ്യായിരം കിലോമീറ്ററാണ് പരിധി. പൊഖ്‌റാന്‍ ആണവപരീക്ഷണത്തിന് ഇരുപതാണ്ടു തികയുമ്പോഴാണ് അഗ്നി സൈന്യത്തിന്റെ ഭാഗമാകുന്നത്.

2012 ഏപ്രില്‍ മുതലാണ് അഗ്നിയുടെ പരീക്ഷണം ആരംഭിച്ചത്. സൈന്യത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ പ്രവര്‍ത്തന സജ്ജമാണോ എന്നു പരിശോധിക്കാനുള്ള ആദ്യ പരീക്ഷണം ഈ വര്‍ഷം ജനുവരി പതിനെട്ടിനായിരുന്നു.  രണ്ടാമത്തെ പരീക്ഷണം അധികം വൈകാതെ നടത്തും. അതും വിജയമായാല്‍ എസ്എഫ്‌സിക്കു മിസൈല്‍ കൈമാറും. പ്രയോഗിക്കാവുത്ത തരത്തില്‍ മിസൈല്‍ പിന്നീടു വിന്യസിക്കാം.

കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന എസ്എഫ്‌സിക്ക് പൃഥി 2, അഗ്നി 1, അഗ്നി 2, അഗ്നി 3 മിസൈലുകള്‍ കൈമാറിയിട്ടുണ്ട്. 700, 2000, 3000 കിലോമീറ്ററുകളാണ് അഗ്നി 1,2,3 മിസൈലുകളുടെ ആക്രമണ പരിധി. സുഖോയ് -30എംകെഐ, മിറാഷ് - 2000 യുദ്ധവിമാനങ്ങള്‍ക്കൂടി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ആണവായുധ പ്രയോഗ ശേഷിക്ക് കരുത്തു കൂട്ടുന്നതാണ് അഗ്നി 5ന്റെ കൈമാറ്റം. ഏക ആണവ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തും ഇന്ത്യയുടെ പ്രഹരശേഷിക്ക് ആക്കം കൂട്ടും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ആണവ കമാന്‍ഡ് അതോറിറ്റിയുടെ കര്‍ശനമായ അവലോകത്തിനു ശേഷമാവും അഗ്നി 5ന്റെ കൈമാറ്റം എന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന സൂചന. കൈമാറിക്കഴിഞ്ഞ് ആക്രമണത്തിനായി വിന്യസിക്കാന്‍ വീണ്ടും ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്. അമ്പതു ടണ്ണാണ് അഗ്നിയുടെ ഭാരം. 1.5 ടണ്‍ ആണവായുധം വഹിക്കാന്‍ ശേഷിയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.