വാഷിങ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തിലൂടെ ഡ്രോണ്‍ പറത്താനുള്ള പദ്ധതിയുമായി നാസ. മാര്‍സ് ഹെലികോപ്റ്റര്‍ എന്ന പേരുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണം ഇതിനായി നിര്‍മ്മിച്ചിരിക്കുകയാണ് നാസയിലെ വിദഗ്ധര്‍. 2020 ലെ അടുത്ത റോവര്‍ പദ്ധതിയില്‍ മാര്‍സ് ഹെലികോപ്റ്ററിനെ ഉള്‍പ്പെടുത്തും. ചൊവ്വയുടെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഈ ഡ്രോണ്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
1.8 കിലോഗ്രാം ഭാരമുള്ള ഈ ഡ്രോണ്‍ ഏറെ ശ്രമകരവും പ്രയോജനകരവുമായ പദ്ധതിയാണെന്ന് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന് പറഞ്ഞു. ചൊവ്വായിലെ കുന്നുകള്‍ക്കപ്പുറത്ത് എന്താണുള്ളതെന്ന് മനസിലാക്കേണ്ടത് ഭാവി അന്വേഷണങ്ങള്‍ക്ക് ആവശ്യമാണെന്ന് നാസയുടെ സയന്‍സ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു. ഇതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറില്‍ നിന്നും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 90 സെക്കന്റ് നേരമായിരിക്കും മാര്‍സ് ഹെലികോപ്റ്റര്‍ ഓരോ തവണയും പ്രവര്‍ത്തിക്കുക. ഭൂമിയില്‍ നിന്നും ഡ്രോണിനെ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നും നാസ വ്യക്തമാക്കി. ആദ്യശ്രമത്തില്‍ ഡ്രോണ്‍ പരീക്ഷണം പരാജയപ്പെട്ടാലും 2020 ലെ മാര്‍സ് റോവര്‍ പദ്ധതിയെ അത് ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: