ചെങ്ങന്നൂര്‍ കസ്റ്റഡി മര്‍ദ്ദനം; പോലീസ്‌രാജ് അനുവദിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

Sunday 13 May 2018 3:02 am IST

ആലപ്പുഴ: വീട് ആക്രമിച്ചു എന്ന പേരില്‍ ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി അഖിലിനെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് അത്യാസന്ന നിലയിലാക്കിയ സംഭവം ആലപ്പുഴ ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.

 മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എത്രത്തോളം വിമര്‍ശിക്കുമോ അത്രത്തോളം ആക്രമിക്കും എന്നതാണ് പോലീസിന്റെ നിലപാടെന്ന് പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. 

 സംസ്ഥാനത്ത് പോലീസ് രാജ് അനുവദിക്കരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉത്തരവാദികളെയെല്ലാം നിയമത്തിനു മുന്നിലെത്തിച്ച് കേരള പോലീസ് ആക്റ്റ് അനുസരിച്ച് നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

 അര്‍ദ്ധരാത്രി ചെങ്ങന്നൂര്‍ സിഐ വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു എന്നാണ് ആരോപണം. അപസ്മാര ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ രോഗനില വഷളായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.