കാരുണ്യം വീണ്ടെടുക്കുക

Sunday 13 May 2018 3:07 am IST

മക്കളേ, 

ഇന്നത്തെ ലോകത്തിലേക്കു നോക്കുമ്പോള്‍ അമ്മയ്ക്കു ദുഃഖം തോന്നുകയാണ്. എവിടെയും രക്തച്ചൊരിച്ചിലിന്റെയും കണ്ണീരിന്റെയും ചിത്രങ്ങളാണു കാണുന്നത്. കുഞ്ഞുങ്ങളോടു പോലും നമ്മള്‍ കരുണ കാട്ടുന്നില്ല. ലോകത്ത് എത്രയെത്ര നിരപരാധികളാണു യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലുമായി  ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊക്കെ നിയമങ്ങള്‍ ഉണ്ടായിരുന്നു. ആയുധമില്ലാത്തവനോടു യുദ്ധം ചെയ്യരുത്, സൂര്യാസ്തമയത്തിനു ശേഷം യുദ്ധം പാടില്ല, തുടങ്ങിയ നിയമങ്ങള്‍ പണ്ടുള്ളവര്‍ പാലിച്ചിരുന്നു. എന്നാല്‍ ഇന്നു ലോകം അത്തരം നിയമങ്ങളെപ്പോലും മറികടന്നിരിക്കുന്നു. എന്തു ക്രൂരതയും എന്ത് അധര്‍മ്മവും എവിടെയും എപ്പോഴും എങ്ങനെയും ആവാം, എന്നതായിരിക്കുന്നു ഇന്നത്തെ സ്ഥിതി. അഹങ്കാരവും സ്വാര്‍ത്ഥതയും നടമാടുന്ന ഒരു ലോകത്താണു നമ്മള്‍ കഴിയുന്നത്. 

എല്ലാ വിനാശത്തിന്റെയും മൂലകാരണം അഹങ്കാരമാണ്. അത് തന്നെ രണ്ടുതരത്തിലാണ് ഏറ്റവും വിനാശം വരുത്തിക്കൊണ്ട് നമ്മളില്‍ നിലകൊള്ളുന്നത്. ഒന്ന് അധികാരത്തിന്റെയും  പണത്തിന്റെയും അഹങ്കാരം. രണ്ടാമത്തെ അഹങ്കാരം ''എന്റെ വീക്ഷണം മാത്രം ശരി. മറ്റെല്ലാം തെറ്റ്. മറ്റൊന്നും ഞാന്‍ ഇവിടെ പൊറുപ്പിക്കില്ല'' എന്ന അഹങ്കാരം. ഈവിധമുള്ള അഹങ്കാരം പോകാതെ നമ്മുടെ ജീവിതത്തില്‍ ശാന്തി ഉണ്ടാകില്ല. ലോകത്തു സമാധാനവും സാദ്ധ്യമല്ല. മറ്റുള്ളവര്‍ക്കു പറയാനുള്ളതു ശ്രദ്ധയോടെ കേള്‍ക്കാനും, അവരെ മനസ്സിലാക്കാനുമുള്ള ക്ഷമയും സഹിഷ്ണുതയും, നമ്മളോട് യോജിപ്പില്ലാത്തവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുമാണ് യഥാര്‍ത്ഥ സംസ്‌കാരത്തിന്റെ ലക്ഷണം. ഇന്നു ലോകത്തിന് ഏറ്റവും ആവശ്യവും അതുതന്നെ. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള തുറന്ന മനസ്സ് നമുക്കുണ്ടാകണം. ഓരോരുത്തരുടെയും ചിന്താഗതിക്ക് അതിന്റേതായ പ്രസക്തിയുണ്ട്. അത് നമ്മള്‍ അംഗീകരിക്കണം. അതിനെക്കൂടി ഉള്‍ക്കൊള്ളാന്‍ നമ്മള്‍ ബോധപൂര്‍വ്വം ശ്രമിക്കണം. അങ്ങനെയായാല്‍ അര്‍ത്ഥശൂന്യമായ ഈ യുദ്ധങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും തീര്‍ച്ചയായും ശമനമുണ്ടാകും.

മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാനും മാനിക്കാനും കഴിയണമെങ്കില്‍ നമ്മുടെ ഉള്ളിലെ സ്‌നേഹത്തെ നമ്മള്‍ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. നമ്മളില്‍ പലരും പുതിയ പുതിയ ഭാഷകള്‍ താല്‍പര്യത്തോടെ പഠിക്കാറുണ്ട്. ഭാഷയാണല്ലോ ആശയങ്ങള്‍ കൈമാറാനുള്ള ഉപാധി. എന്നാല്‍ പരസ്പരം മനസ്സിലാക്കുവാന്‍ ഈ ഭാഷ മതിയാകില്ല. പരസ്പരം മനസ്സിലാക്കാന്‍   സഹായിക്കുന്ന ഭാഷ സ്‌നേഹമാണ്. പക്ഷെ ആ സ്‌നേഹത്തിന്റെ  ഭാഷ നമ്മള്‍ പാടേ മറന്നുപോയിരിക്കുന്നു. 

അമ്മ ഒരു സംഭവം ഓര്‍ക്കുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനത്തിനു പണം ശേഖരിക്കുവാന്‍ ഒരു സംഘടന ശ്രമിക്കുകയായിരുന്നു. അവര്‍ ഒരു വലിയ ബിസിനസ്സുകാരനെ ചെന്നു കണ്ടു. കഷ്ടപ്പെടുന്നവരുടെ ദയനീയ സ്ഥിതി അവര്‍ ഏറെ നേരം അദ്ദേഹത്തിന്റെ മുന്നില്‍ വിവരിച്ചു. അതു കേട്ടാല്‍ ആരുടെയും മനസ്സലിയുമായിരുന്നു. എന്നാല്‍ ആ ബിസിനസ്സുകാരന് ഇതു കേള്‍ക്കുന്നതില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ നിരാശരായി അവര്‍ തിരിച്ചുപോകാനൊരുങ്ങി. അപ്പോള്‍ ആ ബിസിനസ്സുകാരന്‍ പറഞ്ഞു, ''നില്‍ക്കൂ, ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം. അതിനു ശരിയായ ഉത്തരം നല്‍കിയാല്‍ ഞാന്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ ശ്രമിക്കാം. എന്റെ ഒരു കണ്ണ് കൃത്രിമമാണ്. മറ്റേത് യഥാര്‍ത്ഥമാണ്. എന്റെ ഏതു കണ്ണാണു കൃത്രിമം? ഏതു കണ്ണാണു യഥാര്‍ത്ഥം?''

അവര്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ഒടുവില്‍ ആ സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു, ''വലതു കണ്ണാണു കൃത്രിമം. ഇടതു കണ്ണ് യഥാര്‍ത്ഥവും.''

ബിസിനസ്സുകാരന്‍ ആശ്ചര്യഭരിതനായി, ''അത്ഭുതം! ശരിയാണല്ലോ, ഇന്നുവരെ ഇതു കണ്ടുപിടിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അത്ര വിലകൂടിയതാണ് ഈ കൃത്രിമക്കണ്ണ്. എന്നിട്ടും നിങ്ങള്‍ക്കു് അതെങ്ങനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു?''

സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു, ''അതോ, ഞാന്‍ നിങ്ങളുടെ രണ്ടു കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കി. അപ്പോള്‍ വലതു കണ്ണില്‍ അല്‍പം കാരുണ്യത്തിന്റെ നനവു ഉള്ളതായി തോന്നി. എന്നാല്‍ ഇടതു കണ്ണില്‍ കാരുണ്യത്തിന്റെ ലവലേശം പോലും കണ്ടില്ല. അത് തീര്‍ത്തും കല്ലുപോലെ തോന്നിച്ചു. അപ്പോള്‍ നിങ്ങളുടെ സ്വഭാവമറിയുന്ന ഞാന്‍ തീര്‍ച്ചയാക്കി നിങ്ങളുടെ യഥാര്‍ത്ഥ കണ്ണ്  ഇടത്തേതു തന്നെയെന്ന്.'' 

ഈ ബിസിനസ്സുകാരന്‍ കാരുണ്യം നഷ്ടപ്പെട്ട വര്‍ത്തമാന കാലഘട്ടത്തിന്റെ  പ്രതീകമാണ്. ചൂടു പിടിച്ച തലകളും തണുത്തുറഞ്ഞ ഹൃദയങ്ങളുമാണ് നമുക്കിന്നുള്ളത്. തലയില്‍ അഹങ്കാരത്തിന്റെ ചൂടാണ്. ഹൃദയത്തില്‍ സ്വാര്‍ത്ഥതയുടെ മരവിപ്പാണ്. എന്നാല്‍ വേണ്ടതു നേരെ തിരിച്ചാണ്. ഹൃദയത്തില്‍ ഊഷ്മളത വേണം, സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഊഷ്മളത. അതോടൊപ്പം തലയില്‍ കുളിര്‍മ്മ വേണം, അറിവിന്റെ വിശാലതയുടെ കുളിര്‍മ്മ.

സ്‌നേഹവും കാരുണ്യവുമാണു നമ്മുടെ ഏറ്റവും വലിയ ധനം, ഏറ്റവും വലിയ സമ്പത്ത്. എന്നാല്‍ അത്  ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. കാരുണ്യത്തിന്റെ നനവ് നമ്മുടെ കണ്ണുകളിലേക്കു തിരിച്ചുകൊണ്ടുവരാതെ നമുക്കു രക്ഷയില്ല, ലോകത്തിനു രക്ഷയില്ല. ആ ആര്‍ദ്രതയെ നമ്മുടെ ഉള്ളില്‍ ഉണര്‍ത്താന്‍ ശ്രമിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.