തന്മയീഭാവത്തിലെത്തിയവർക്ക് ഭേദബുദ്ധിയില്ല

Sunday 13 May 2018 3:10 am IST

''നാസ്തി തേഷു ജാതി വിദ്യാരൂപ 

കുലധന ക്രിയാദി ഭേദഃ''

തന്മയീഭാവത്തിലെത്തിയ ഭക്തനെ സംബന്ധിച്ചിടത്തോളം ജാതി, വിദ്യ, രൂപം, കുലം, ധനം, ക്രിയ തുടങ്ങിയ ഭേദബുദ്ധികളൊന്നുമില്ല.

മറ്റൊരാളെക്കുറിച്ച് തന്നേക്കാള്‍ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള ചിന്ത ഭക്തനില്‍ ഉണ്ടാകുന്നില്ല. കാരണം, എല്ലാവരും ഭഗവന്മയരായാണ് ഭക്തര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഭേദഭാവനകളില്ല. അഥവാ അങ്ങനെയെന്തെങ്കിലും ഭേദഭാവന വന്നാലും ഭഗവാന്‍തന്നെ അതു നിര്‍മാര്‍ജ്ജനം ചെയ്യും.

ശങ്കരാചാര്യസ്വാമികളില്‍ സ്വല്‍പം ഭേദഭാവന വന്നപ്പോള്‍ ഭഗവാന്‍ സ്വയം ചണ്ഡാളവേഷത്തില്‍ വന്ന് അഭ്യസിപ്പിച്ചില്ലേ?

കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം വന്നപ്പോള്‍ എതിര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ മുന്നിലൂടെ മന്നത്തു പത്മനാഭനും ശ്രീനാരായണഗുരുവും കേളപ്പജിയുമെല്ലാം കൈപിടിച്ച് മുന്നേറിയില്ലേ?

ശ്രീരാമകൃഷ്ണ പരമഹംസദേവന്‍ കുറേ പട്ടികളുമായി അതിഥിസല്‍ക്കാരത്തിന് ചെന്നില്ലേ? മഹാത്മജി ഹരിജനങ്ങളുടെ തോളില്‍ കയ്യിട്ട് നടന്നപ്പോള്‍ വല്ല ഭേദഭാവനയും ഉണ്ടായിരുന്നോ?.

കൊച്ചുകുട്ടികളില്‍ എന്തെങ്കിലും ഭേദബുദ്ധിയുണ്ടാകാറുണ്ടോ? അവര്‍ നിഷ്‌കളങ്കരാണ്. അവര്‍ ദേവതുല്യരാണ്.

സുദാമാവ് കൊണ്ടുവന്ന അവില്‍പ്പൊതി ഭഗവാനു സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ ഭഗവാന്‍ അതില്‍ നിന്ന് കയ്യിട്ടുവാരിയില്ലേ. ഇവിടെ ധനികനും ദരിദ്രവും എന്ന വ്യത്യാസമുണ്ടായിരുന്നോ. സുദാമാവ് അത് ആസ്വദിക്കുകയല്ലായിരുന്നോ. വിദ്യാഭ്യാസകാലത്തുണ്ടായിരുന്ന ആ പഴയ സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നില്ലേ.?

തന്മയീഭാവത്തിലുള്ളവര്‍ക്ക് എല്ലാവരിലും നന്മ മാത്രമേ കാണാനാവൂ. അങ്ങനെ അവര്‍ സുദര്‍ശനന്മാരായി മാറുന്നു. നല്ലതു കാണുന്നവന്‍ സുദര്‍ശനന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.