ആത്മാവിന് കാമനകളില്ല

ഉപനിഷത്തിലൂടെ-152
Sunday 13 May 2018 3:10 am IST

സര്‍വ്വം ഖല്വിതം ബ്രഹ്മ... എന്ന മന്ത്രത്തോടു കൂടിയാണ് പതിനാലാം ഖണ്ഡം ആരംഭിക്കുന്നത്. ബ്രഹ്മത്തില്‍ നിന്ന് ജനിച്ച് അതില്‍ ലയിക്കുകയും അതില്‍ തന്നെ ചരിക്കുകയും ചെയ്യുന്ന ജഗത്ത് ബ്രഹ്മമാണെന്നുറച്ച് ഉപാസിക്കണം. രാഗദ്വേഷാദികളില്ലാതെ പ്രശാന്ത ചിത്തനായി വേണം ഉപാസിക്കാന്‍.

അതിനായി ബ്രഹ്മം ഇങ്ങനെയാണ് മറ്റൊരു വിധത്തിലല്ല എന്ന് നിശ്ചയിക്കണം. എന്തെന്നാല്‍ പുരുഷന്‍ നിശ്ചയസ്വരൂപനാണ്. ഈ ലോകത്തില്‍ അയാള്‍ എങ്ങനെയുള്ള നിശ്ചയത്തോടു കൂടിയവനായിരുന്നുവോ ഇവിടെ നിന്നു മരിച്ചതിനു ശേഷവും അങ്ങനെയായിത്തീരുന്നു.

ബ്രഹ്മത്തിന്റെ വിശിഷ്ട ഗുണത്തോടുകൂടിയുള്ള ഉപാസനയെയാണ് ഇവിടെ പറയുന്നത്. ഈ ജഗത്ത് നാമരൂപങ്ങളെ കൊണ്ട് വ്യാകൃതമായ കാരണ ബ്രഹ്മം തന്നെയാണ്. ഏറ്റവും ബൃഹത്തായതിനാലാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്. 'തജ്ജലാന്‍' എന്ന വാക്കു കൊണ്ടാണ് സൃഷ്ടിസ്ഥിതിലയങ്ങളെ പറഞ്ഞിരിക്കുന്നത്. തജ്ജം, തല്ലം, തദന്‍ എന്നീ വാക്കുകളെ കൊണ്ട് ക്രമത്തില്‍ അതില്‍ നിന്ന് ജനിക്കുന്നത്, അതില്‍ ലയിക്കുന്നത് അതില്‍ ചരിക്കുന്നത് എന്നിങ്ങനെ അറിയണം. ഇങ്ങനെ മൂന്ന് കാലങ്ങളിലും ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് മറ്റൊന്നില്ലാത്തതിനാല്‍ ബ്രഹ്മസ്വരൂപമായ ജഗത്തിനെ ബ്രഹ്മം തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ ഭജിക്കണം.

പൂര്‍ണ്ണ വിശ്വാസത്തോടുകൂടിയ നിശ്ചയമാവണം ഇത്. ഈ അടിയുറച്ച വിശ്വാസം മരണസമയത്ത് കൂടി ബ്രഹ്മ സ്മരണയുണ്ടാക്കും. മരണശേഷം ബ്രഹ്മപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യും. മനോമയനും പ്രാണനാകുന്ന ശരീരത്തോടുകൂടിയവനും ചൈതന്യ സ്വരൂപനും ആകാശം പോലെയുള്ളവനും ജഗത് സൃഷ്ടിയാകുന്ന കര്‍മ്മങ്ങളോടു കൂടിയവനും എല്ലാ നല്ല ആഗ്രഹങ്ങളുള്ളവനും സുഖകരങ്ങളായ ഗന്ധമുള്ളവനും  സ്വാദുള്ള എല്ലാ രസങ്ങളോട് കൂടിയവനും ഈ പ്രപഞ്ചമെല്ലാം വ്യാപിച്ചിരിക്കുന്നവനും വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളൊന്നുമില്ലാത്തവനും പരിഭ്രമമൊന്നുമില്ലാത്തവനുമാകുന്നു എന്റെ ഈ ആത്മാവ്.

ഹൃദയാന്തര്‍ഭാഗത്തുള്ള ഈ ആത്മാവ് നെല്ലിനേക്കാളും യവത്തേക്കാളും കടുകിനേക്കാളും ചാമയേക്കാളും ചാമയരിയേക്കാളും  ചെറുതാണ്. ഹൃദയമധ്യത്തിലുള്ള എന്റെ ആത്മാവ് പൃഥ്വിയേക്കാളും അന്തരീക്ഷത്തേക്കാളും ദ്യോവിനേക്കാളും ലോകങ്ങളേക്കാളുമെല്ലാം  മഹത്തരവുമാണ്. ആത്മാവ് മനസ്സാകുന്ന ഉപാധിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് 'മനോമയം' എന്ന് വിശേഷിപ്പിച്ചത്. ജ്ഞാനശക്തിയും, ക്രിയാശക്തിയും ചേര്‍ന്ന ലിംഗശരീരത്തെയാണ് പ്രാണന്‍ എന്ന് പറഞ്ഞത്. ആത്മാവ് സത്യ സങ്കല്‍പനായതിനാല്‍ ആത്മേച്ഛയാലാണ്  ലോകത്തെ പ്രവര്‍ത്തനമെല്ലാം. ദോഷരഹിതമായ കര്‍മ്മങ്ങളും ഗന്ധങ്ങളും രസങ്ങളുമെല്ലാം ബ്രഹ്മത്തിന്റെയാണ്. ആത്മാവ് കാമനകള്‍ക്കപ്പുറമാണ് എന്നതിനാല്‍ നിത്യതൃപ്തനുമാണ്. അതിനാല്‍ പരിഭ്രമമൊന്നുമില്ല. ഇങ്ങനെ ഹൃദയാകാശത്തില്‍  സ്ഥിതി ചെയ്യുന്ന ജീവാത്മാവും സര്‍വ്വവ്യാപിയായ പരമാത്മാവും തമ്മിലുള്ള ഐക്യത്തെയാണ് ഈ മന്ത്രത്തില്‍ പറഞ്ഞത്. അത് ചെറുതില്‍ തീരെ ചെറുതും വലുതില്‍ എറ്റവും വലുതുമാണ്.

ഈ ജഗത്തെല്ലാം വ്യാപിച്ചിരിക്കുന്ന സംഭ്രമങ്ങളൊന്നുമില്ലാത്ത ഹൃദയാന്തര്‍ഭാഗത്തെ ഈ ആത്മാവ് തന്നെയാണ് ബ്രഹ്മം. ഇവിടെ നിന്ന് മരിച്ചതിനു ശേഷം ഞാന്‍ ബ്രഹ്മമായിത്തീരും എന്ന നിശ്ചയം ആര്‍ക്ക് സത്യമായുണ്ടോ അക്കാര്യത്തില്‍ സംശയമില്ലാതെയിരിക്കുന്ന വിദ്വാന്‍ ഈശ്വരഭാവം പ്രാപിക്കുമെന്ന് ശാണ്ഡില്യ ഋഷി പറഞ്ഞിട്ടുണ്ട്. പ്രത്യഗാത്മാവും പരമാത്മാവും തമ്മില്‍ ഭേദമില്ലെന്നറിഞ്ഞ് പരമാത്മാധ്യാനം നടത്തണം. എന്നാല്‍ മാത്രമേ ബ്രഹ്മ പ്രാപ്തിയെന്ന ഫലം ഉണ്ടാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.