ഞാന്‍ തന്നെയാണ് ആ പുരുഷോത്തമന്‍

Sunday 13 May 2018 3:12 am IST

അക്ഷരപദാര്‍ത്ഥങ്ങള്‍ക്കും അക്ഷരപദാര്‍ത്ഥങ്ങള്‍ക്കും അതീതനായി, ഉത്കൃഷ്ടനായി സ്ഥിതിചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഭൗതിക പ്രപഞ്ചത്തിന് അപ്പുറത്ത് എന്റെ പരമ ധാമത്തിലാണ്, ഞാന്‍ വസിക്കുന്നത്. അതിനാല്‍ ഞാന്‍ തന്നെയാണ് മുന്‍ ശ്ലോകത്തില്‍ പ്രതിപാദിപ്പിക്കപ്പെട്ട ഉത്തമനായ പുരുഷന്‍. ഗീതയില്‍ പേലടത്തും ഞാന്‍ എന്നെ, യച്ഛബ്ദ പുല്ലിംഗ പ്രഥമ പുരുഷ- വാച്യനായും, തച്ഛബ്ദ പുല്ലിംഗ പ്രഥമ പുരുഷ വാച്യനായും പ്രയോഗിച്ച് കാണാം. ഭ്രമം, തെറ്റിദ്ധാരണ, ഊഹം എന്നിവയ്ക്ക് കീഴ്‌പ്പെട്ട് എന്നെ അല്ല, ഈ കൃഷ്ണനെ അല്ല, വേറെ ആരെയോ ആണ് പരാമര്‍ശിച്ചത് എന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണം-

''പുരുഷഃ സ പരഃ പാര്‍ഥ,

ഭക്ത്യാ ലഭ്യസ്തതന്യയാ'' (8-22- ഗീത)

(= പരനായ-ഉത്കൃഷ്ടനായ ആ പുരുഷനെ അനന്യമായ ഭക്തികൊണ്ടു മാത്രമേ ലഭിക്കുകയുള്ളൂ.)

ഈ ശ്ലോകത്തിലെ 'പരഃ പുരുഷഃ' എന്നത് എന്റെ വിശേഷണം തന്നെയാണ്.

'സതം പരം പുരുഷ മുപൈതി ദിവ്യം (8-10) ഗീത

(=ആ വ്യക്തി ദിവ്യനും ഉത്കൃഷ്ടനുമായ ആ പുരുഷനെ പ്രാപിക്കുന്നു). ഈ ശ്ലോകത്തിലെ പുരുഷനും 'ഞാന്‍'തന്നെയാണ്.

ബദ്ധജീവാത്മാക്കള്‍ക്കോ മുക്തജീവാത്മാക്കള്‍ക്കോ എന്നെ അതിശയിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ഞാന്‍ പുരുഷോത്തമന്‍ എന്ന് അറിയപ്പെടുന്നു.

എല്ലാ ജീവാത്മാക്കളും ഭഗവാനോടു തുല്യരാണ് എന്ന ധാരണ തെറ്റുതന്നെയാണ്.

ലോകേ വേദേയ ച പ്രഥിതഃ പുരുഷോത്തമഃ (15-18)

വേദം അപൗരുഷേയമാണ്. ഏതെങ്കിലും ഒരു മനുഷ്യന്‍ വളരെക്കാലം കൊണ്ട്, പണിപ്പെട്ട്, കടലാസില്‍ പേനകൊണ്ട് എഴുതി ഉണ്ടാക്കിയ പുസ്തകമോ, താളിയോല ഗ്രന്ഥമോ അല്ല വേദം. ഭഗവാന്റെ നിശ്വാസ രൂപത്തില്‍ ആവിര്‍ഭവിച്ചതാണ് എന്ന് ബൃഹദാരണ്യകോപനിഷത്തില്‍ പറയുന്നുണ്ടല്ലോ.

''അസ്യ മഹതോഭൂതന്യ നിശ്വസിനം

ഏതഋഗ്വേദഃ

ഇതിഹാസഃ പുരാണം വിദ്യാ ഉപനിഷദ്'' (ഇത്യാദി ഇതിഹാസ പുരാണങ്ങളും പഞ്ചമവേദം തന്നെയാണ്. ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ചവയാണ്. അനന്തകോടി ശ്ലോകങ്ങളാണ്, ഭഗവാന്‍ ബ്രഹ്മാവിന് ഉപദേശിച്ച ഇതിഹാസ പുരാണങ്ങളിലുള്ളത്. ഭഗവാന്റെ അവതാരം തന്നെയായ കൃഷ്ണദ്വൈപായന വ്യാസന്‍, കലിയുഗത്തിലെ ആയുസ്സു കുറഞ്ഞ മനുഷ്യരെ ലക്ഷ്യമാക്കി സംഗ്രഹിക്കുകയാണ് ചെയ്തിട്ടുള്ളത്. പുരാണങ്ങള്‍ 18 എണ്ണമായും, 4 ലക്ഷം ശ്ലോകങ്ങളായും ചുരുക്കി. മഹാഭാരതം ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളായി ചുരുക്കി. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളായി രാമായണവും സംഗ്രഹിച്ചു.

വേദങ്ങളിലും പുരാണേതിഹാസങ്ങളിലും പുരുഷോത്തമന്‍ എന്ന് കീര്‍ത്തിക്കുന്നത് എന്നെത്തന്നെയാണ് എന്ന് ഭഗവാന്‍ പറയുന്നു. ധര്‍മ്മശാസ്ത്രങ്ങളായ സ്മൃതിഗ്രന്ഥങ്ങള്‍, സംഹിതകള്‍ മുതലായ പൗരുഷേയ സാഹിത്യങ്ങളിലും, കാവ്യങ്ങളിലും എന്നെ പുരുഷോത്തമന്‍ എന്ന് സ്തുതിക്കുന്നുണ്ട്.

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നതും അനുസ്മരിക്കാം-

''പുരുഷോത്തമ ഇതി ഏവം മാം ഭക്തജനാഃ വിദുഃ'' (പുരുഷോത്തമന്‍ എന്നിങ്ങനെ എന്നെ ഭക്തജനങ്ങള്‍ മനസ്സിലാക്കുന്നു.)

''കവയഃ കാവ്യാദി ഷു ച ഇദം നാമ നിബധ്‌നന്തി പുരുഷോത്തമ ഇതി (= കവികള്‍ കാവ്യം മുതലായവകളില്‍ ഈ നാമം പുരുഷോത്തമന്‍ എന്ന് ചേര്‍ക്കുകയും ചെയ്യുന്നുണ്ട്.) ''അനേന അഭിധാനേന അഭിഗൃണന്തി'' (= ഈ നാമം ചൊല്ലി എന്നെ വിളിക്കുകയും ചെയ്യുന്നു.)

വേദത്തില്‍ പുരുഷോത്തമന്‍. 

വേദാഹമേതം പുരുഷം മഹാന്തം- (= മഹാനായ ആ പുരുഷനെ ഞാന്‍ അറിയുന്നു- സാക്ഷാത്കരിച്ചിരിക്കുന്നു. (മഹാന്‍ = ഉത്തമഃ) എന്ന് ഭഗവാനെ പുരുഷോത്തമനായി വിവരിക്കുന്നു.)

''സഃ ഉത്തമഃ പുരുഷഃ 

(= ഉത്തമനായ പുരുഷന്‍)

ക്ഷരാക്ഷരങ്ങള്‍ക്ക് അതീതനാകയാല്‍

 ഉത്തമന്‍.

അവ്യക്താല്‍ തു പരഃ പുരുഷഃ- (അവ്യക്തത്തിന് അപ്പുറത്ത് പരമനായ പുരുഷന്‍)

പുരുഷാത് ന പരം കിംചിത് (പുരുഷനേക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ഒന്നും ഇല്ല).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.