ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിപിഎം നേതാക്കളുടെ പങ്കില്‍ അന്വേഷണം തുടങ്ങി

Sunday 13 May 2018 3:12 am IST

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടങ്ങി. സിപിഎം ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. 

ദേവസ്വംപാടം വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമണത്തിന് തൊട്ടു പിന്നാലെ സിപിഎം ബ്രാഞ്ച് യോഗം ചേര്‍ന്നു. ഏരിയ സെക്രട്ടറി പങ്കെടുത്ത യോഗം മുന്‍ വാര്‍ഡ് അംഗത്തിന്റെ വീട്ടിലായിരുന്നു. ഈ യോഗത്തിലാണ് കേസില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. രാഷ്ട്രീയ ഗൂഢാലേചനയാണ് ഇതിന് പിന്നില്‍.

ബിജെപിയുടെ സ്വാധീന മേഖലയായ ദേവസ്വംപാടത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും എതുവിധേയനയും ഒതുക്കാന്‍ തക്കം പാര്‍ത്തിരുന്ന സിപിഎം വാസുദേവന്റെ മരണം മുതലെടുക്കുകയായിരുന്നു. ബിജെപിക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമാണ് വീടാക്രമണവുമായി ബന്ധമില്ലാതിരുന്നിട്ടും ശ്രീജിത്തിന്റെയും സഹോദരന്റെയും പേര് ലിസ്റ്റില്‍ പെടുത്തിയത്. സിപിഎം നല്‍കിയ ലിസ്റ്റില്‍ പേരുള്ളവരെ എസ്പിയില്‍ സ്വാധീനം ചെലുത്തി അറസ്റ്റ്‌ചെയ്യിപ്പിക്കുകയായിരുന്നു. 

ഇതിനായി ആലങ്ങാട് ഏരിയസെക്രട്ടറിയും പിന്നീട് ജില്ലാ സെക്രട്ടറിയും എസ്പി എ.വി. ജോര്‍ജിനെ ഫോണില്‍ വിളിച്ചു. വാസുദേവന്‍ ആത്മഹത്യ ചെയ്ത അന്നും പിറ്റേ ദിവസവുമായി ഏരിയ സെക്രട്ടറി ആറ് തവണയും ജില്ലാ സെക്രട്ടറി രണ്ട് പ്രാവശ്യവും എസ്പിയുമായി ഫോണില്‍ സംസാരിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദശമനുസരിച്ചാണ ്എസ്പി പ്രവര്‍ത്തിച്ചത്. ലോക്കല്‍ പോലീസിനെ മാറ്റിനിര്‍ത്തി എസ്പിയുടെ പ്രത്യേക സ്‌ക്വാഡിനെ ഉപയോഗിച്ചാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. 

 കേസില്‍ ഒന്‍പത് പോലീസുകാരെ പ്രതി ചേര്‍ത്തെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം നടപ്പിലാക്കിയ എസ്പിയെ സംരംക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. സിപിഎം നേതാക്കളും പ്രതിക്കൂട്ടിലാകുമെന്ന തിരിച്ചറിവാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ക്കാന്‍ കാരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.