ബാറ്റിങ് വെടിക്കെട്ടിൽ കൊൽക്കത്ത

Sunday 13 May 2018 3:30 am IST

ഇന്‍ഡോര്‍: ജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. ഐപിഎല്ലിലെ തങ്ങളുടെ ഏറ്റവും മികച്ച സ്‌കോറാണ് കൊല്‍ക്കത്ത മത്സരത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 8 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സേ നേടാനായുള്ളു. പഞ്ചാബ് ബൗളര്‍മാരെ നാലുപാടും പായിച്ച് അര്‍ധസെഞ്ച്വറി കുറിച്ച സുനില്‍ നരേയ്നും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഒന്നാം വിക്കറ്റില്‍ സുനില്‍ നരേയ്നും ക്രിസ് ലിനും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 53 റണ്‍സില്‍ നില്‍ക്കെ 17 പന്തില്‍ 27 റണ്‍സോടെ ക്രിസ് ലിന്‍ മടങ്ങി. പിന്നാലെയെത്തിയ ഉത്തപ്പയെ കൂട്ടുപിടിച്ച് നരേയ്ന്‍ വേഗത്തില്‍ റണ്‍സുകള്‍ കണ്ടെത്തി. 36 പന്ത് നേരിട്ട നരേയ്ന്‍ നാലു സിക്സും ഒന്‍പത് ബൗണ്ടറിയും സഹിതം 75 റണ്‍സെടുത്താണ് പുറത്തായത്. ഉത്തപ്പ (17 പന്തില്‍ 24), റസ്സല്‍ (14 പന്തില്‍ 31) എന്നിവരും ടീമിന് മികച്ച് അടിത്തറ നല്‍കി.

ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 23 പന്തില്‍ മൂന്ന് സിക്സറും അഞ്ചു ബൗണ്ടറികളും സഹിതം 50 റണ്‍സ് നേടിയാണ് മടങ്ങിയത്. റാണ (4 പന്തില്‍ 11 ), ഗില്‍ (8 പന്തില്‍ 16), സിര്‍ലസ് (1 പന്തില്‍ 6) എന്നിവര്‍ പുറത്താകെ നിന്നു. പഞ്ചാബ് നിരയില്‍ ലോകേഷ് രാഹുല്‍, അശ്വിന്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ തിളങ്ങി. നിലവില്‍ 11 മത്സരത്തില്‍ നിന്ന് ആറു വിജയം സഹിതം 12 പോയന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 12 മത്സരത്തില്‍ നിന്ന് 12 പോയന്റുള്ള കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത സജീവമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.